മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; താമസക്കാരെ ഒഴിപ്പിക്കും

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഫ്ളാറ്റിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ച് താത്കാലികമായി പുനരധിവസിപ്പിക്കാന്‍ നിര്‍ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്കും എറണാകുളം ജില്ലാ കലക്റ്റർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകി. കെട്ടിടം പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്തണമെന്നും സർക്കാർ‌ നിര്‍ദേശിച്ചിട്ടുണ്ട്. 

തീരദേശചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ മേയ് എട്ടിനാണ് മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. വിഷയത്തിൽ ഈമാസം 20നകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകണമെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, കോടതിയലക്ഷ്യ നടപടിയുണ്ടാകാമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്. 

നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കേണ്ടത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്ലാറ്റ് ഉടമകൾ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.