മരണത്തിലും ബ്രസീൽ രണ്ടാമത്

റയോ ഡി ജനീറോ: മൊത്തം കൊവിഡ് രോഗബാധിതരിൽ യുഎസിനു തൊട്ടുപിന്നിൽ രണ്ടാംസ്ഥാനത്തായിരുന്ന ബ്രസീൽ വൈറസ്ബാധിച്ചുള്ള മരണത്തിലും രണ്ടാമതായി. യുകെയെ മറികടന്നാണിത്. വേൾഡോമീറ്ററിന്‍റെ കണക്കനുസരിച്ച് ബ്രസീലിൽ ഇതുവരെയുള്ള കൊവിഡ് മരണം 41,901 ആയി ഉയർന്നു. യുകെയിൽ 41,481. അമെരിക്ക 1,16,825 മരണവുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്.

21 ലക്ഷത്തിലേറെ പേർക്കാണ് യുഎസിൽ ഇതുവരെ രോഗം ബാധിച്ചത്. ബ്രസീലിൽ എട്ടു ലക്ഷത്തിലേറെ പേർക്കും. രോഗബാധിതരിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ അഞ്ചു ലക്ഷത്തിലേറെയാണ് വൈറസ്ബാധിതർ. അവിടെ മരണം 6,715. ഇന്ത്യ മൂന്നു ലക്ഷത്തിലേറെ രോഗബാധിതരുമായി നാലാമത്. 8,800ലേറെയാണ് ഇന്ത്യയിലെ മരണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലാണ് ബ്രസീലിലെ ഹോട്ട് സ്പോട്ടുകൾ ഏറെയും.

രാജ്യത്തെ ചികിത്സാ സംവിധാനങ്ങൾ പരമാവധി നന്നായി പ്രവർത്തിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ചിലയിടങ്ങളിൽ ആശുപത്രി സൗകര്യങ്ങളുടെ 80 ശതമാനത്തിലേറെയും ഉപയോഗിക്കുന്നുണ്ട്. ലോകത്ത് മരണസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യത്തിന് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ ബ്രസീൽ പരിശ്രമിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സാഹചര്യ വിദഗ്ധൻ ഡോ. മൈക്ക് റയാൻ പറയുന്നത്.

Share via
Copy link
Powered by Social Snap