മരണസംഖ്യ 90,000 പിന്നിട്ടു; പുതിയ കേസുകൾ 83,347

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 90,020ൽ എത്തി. 24 മണിക്കൂറിനിടെ 1,085 പേരുടെ മരണം കൂടിയാണ് കൊവിഡ് കണക്കിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 56.46 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 83,347 പേർക്ക്. രോഗമുക്തരായവർ 45,87,613 ആയിട്ടുണ്ട്. റിക്കവറി നിരക്ക് 81.25 ശതമാനം. മരണനിരക്ക് 1.59 ശതമാനമായി കുറഞ്ഞു.

രാജ്യത്തിപ്പോൾ കൊവിഡ് ചികിത്സയിലുള്ളത് 9,68,377 പേരാണ്. മൊത്തം കേസുകളുടെ 17.15 ശതമാനമാണിത്. ഇന്നലെ 9.53 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ പേർ രോഗമുക്തരായത് ഇന്ത്യയിലാണ്. ലോകത്ത് മൊത്തമുള്ള കൊവിഡ് കേസുകളിൽ 17.7 ശതമാനമാണ് ഇന്ത്യയിൽ. ലോകത്തെ മൊത്തം രോഗമുക്തരിൽ 19.5 ശതമാനവും ഇന്ത്യയിലാണ്. മൊത്തം കേസുകളുടെ 22.4 ശതമാനമാണ് അമെരിക്കയിൽ. ലോകത്തെ മൊത്തം രോഗമുക്തരിൽ 18.6 ശതമാനവും യുഎസിലാണ്. മൊത്തം കേസുകളുടെ 14.5 ശതമാനമുള്ള ബ്രസീലിൽ രോഗമുക്തരിൽ 16.8 ശതമാനമാണുള്ളത്. ഇന്ത്യയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ ദൗത്യസേനയുടെ തലവനുമായ ഡോ. വി.കെ. പോൾ പറഞ്ഞു.

ഉത്സവ സീസൺ കണക്കിലെടുത്ത് ജനങ്ങൾ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല. മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാൽ മഹാമാരിയെ 36 മുതൽ 50 ശതമാനം വരെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം. രോഗവ്യാപനം തടയുന്നതിന് വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഡോ. പോൾ അഭ്യർഥിച്ചു. വരുന്ന രണ്ടു മൂന്നു മാസക്കാലം ഉദാസീനത അനുവദിക്കരുത്. പ്രായമായവരെ പ്രത്യേകം സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പത്തു ലക്ഷം ജനസംഖ്യയിൽ കൊവിഡ് മരണം സംഭവിക്കുന്നവരുടെ തോതിൽ ഇന്ത്യ ഇപ്പോഴും പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമാണ്. പത്തുലക്ഷം ജനസംഖ്യയിൽ 64 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ലോക ശരാശരി 123 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share via
Copy link
Powered by Social Snap