മലപ്പുറം എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം എസ്.പി, യു അബ്ദുല്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഗണ്‍മാന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എസ്.പിയാണ് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ്പിയുടെ ഗണ്‍മാന് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിനാല്‍ എസ്പി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് എസ്.പിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ജില്ലാ കലക്ടറും കോവിഡ് നിരീക്ഷണത്തിലാണ്. ഇദ്ദേഹവും കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായിരുന്നു. അതേസമയം ജില്ലയില്‍ ഇന്ന് 202 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കാണ് രോഗം. ഇന്നലെയും 200 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 61 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1867 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 2327 പേര്‍ക്ക് രോഗം ഭേദമായി. 22 പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Share via
Copy link
Powered by Social Snap