മലബാറിന്‍റെ ഇടതുകോട്ടയായ കോഴിക്കോട്

കോഴിക്കോട്: മലബാറിന്‍റെ ഇടതുകോട്ടയായ കോഴിക്കോട് ജില്ലയിൽ ഇത്തവണയും മാറ്റമൊന്നുമില്ല. നഗരസഭകള്‍ ഒഴിച്ചുനിർത്തിയാൽ കോഴിക്കോട് കോര്‍പ്പറേഷനിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം എൽഡിഎഫ് നിലനിര്‍ത്തി. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തും ഇടതുമുന്നണിക്കാണ്. കഴിഞ്ഞ തവണത്തെ രണ്ടിൽ ഒതുങ്ങി ഇത്തവണയും യുഡിഎഫ്.

ഗ്രാമപഞ്ചായത്തുകളില്‍ 43 ഇടത്ത് എൽഡിഎഫും 27ൽ യുഡിഎഫും ഭരണം പിടിച്ചു.  
കോഴിക്കോട് കോര്‍പ്പറേഷനിലെ ഭരണത്തുടർച്ചയാണ് എല്‍ഡിഎഫിന്‍റെ വലിയ നേട്ടം. കോര്‍പ്പറേഷനിലെ മൂന്നിൽ രണ്ടു സീറ്റുകളും നേടിയാണ് അവർ അജയ്യത തെളിയിച്ചത്. യുഡിഎഫിനു സീറ്റു കുറയുകയും ബിജെപി ഏഴു സീറ്റ് നിലനിർത്തുകയും ചെയ്തു. ആകെയുള്ള ഏഴു നഗരസഭകളില്‍ കഴിഞ്ഞ തവണത്തെ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായില്ല. വടകരയും കൊയിലാണ്ടിയും ഒഴികെയുള്ള നഗരസഭകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ഇരുപത് വര്‍ഷത്തെ ഇടതു ഭരണം തുടരുമെന്നു പ്രതീക്ഷിച്ച മുക്കത്തും അനിശ്ചിതത്വമായി.

എന്നും ഇടതു കോട്ടയായിരുന്ന കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 44ല്‍ 25 സീറ്റാണ് എല്‍ഡിഎഫിന്. യുഡിഎഫ് 16 സീറ്റിൽ ഒതുങ്ങി. മൂന്നിടത്ത് എന്‍ഡിഎ. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ബിജെപി ഇവിടെ കഴിഞ്ഞ തവണത്തെക്കാള്‍ ഒരു സീറ്റാണ് അധികം നേടിയത്. 47ൽ 27 സീറ്റും നേടിയാണ് വടകര നഗരസഭ എൽഡിഎഫ് നിലനിർത്തിയത്. യുഡിഎഫിന് പതിനാറും എൻഡിഎയ്ക്കു മൂന്നും സീറ്റുണ്ട്. എസ്ഡിപിഐയ്ക്കാണ് ഒരു സീറ്റ്.

 യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ കൊടുവള്ളിയില്‍ എല്‍ഡിഎഫിന് അടി തെറ്റിയതു വലിയ വ്യത്യാസത്തിലാണ്. ആകെയുള്ള 36ൽ അഞ്ചു സീറ്റ് മാത്രമാണ് എല്‍ഡിഎഫിനു ലഭിച്ചത്. യുഡിഎഫിന് 21. പത്തിടത്ത് സ്വതന്ത്രരും വിജയിച്ചു കയറി. ഇവിടെ കാരാട്ട് ഫൈസലിന്‍റെ വിജയമാണ് എടുത്തുപറയേണ്ടത്. ചുണ്ടപ്പുറം ഡിവിഷനിൽ ഐഎന്‍എല്ലിന്‍റെ ഇടതു സ്ഥാനാര്‍ഥി ഒ.പി. റഷീദ് ഡമ്മി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം ശരിവയ്ക്കുന്നതായി ഫൈസലിന്‍റെ വിജയം. റഷീദിന് ഒരു വോട്ടുപോലും ലഭിച്ചില്ല.

കഴിഞ്ഞ തവണ രണ്ടു മുന്നണികളും ഭരണം പങ്കുവച്ച ഫറോക്കില്‍ ഭരണ സ്ഥിരത ഉറപ്പിക്കാനായി ഇക്കുറി യുഡിഎഫിന്. 2015ല്‍ ഫറോക്ക് നഗരസഭ രൂപീകരിച്ചപ്പോള്‍ സ്വതന്ത്രരുടെ പിന്തുണയോട പ്രഥമ മുനിസിപ്പാലിറ്റി ഭരണം യുഡിഎഫ് സ്വന്തമാക്കിയിരുന്നു. സ്വതന്ത്രന്‍ പിന്നീട് കാലു മാറിയതോടെ ഭരണം ഇടതിനു ലഭിക്കുകയും ചെയ്തിരുന്നു. ഇക്കുറി ആകെയുള്ള 38 സീറ്റില്‍ എല്‍ഡിഎഫ് 17 സീറ്റിലും യുഡിഎഫ് 20 സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ ഭരണ സ്ഥിരതയില്ലായിരുന്ന രാമനാട്ടുകര മുനിസിപ്പാലിറ്റിയും ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. 31ല്‍ 17 സീറ്റാണ് യുഡിഎഫിന്. 12 സീറ്റില്‍ എല്‍ഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു. ഏറെ പ്രതീക്ഷവച്ചിരുന്ന പയ്യോളി മുനിസിപ്പാലിറ്റി എല്‍.ജെ.ഡി കൂടെയുണ്ടായിരുന്നിട്ടും ഇടതിനു പിടിച്ചെടുക്കാനായില്ല.

മുക്കം നഗരസഭയിലും കുറ്റ്യാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമൊക്കെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിനു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്നപ്പോള്‍ ആര്‍എംപിയുമായി ചേര്‍ന്നുണ്ടാക്കിയ ജനകീയ മുന്നണി അവർക്കു ഗുണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തെ കുറിച്ചുള്ള വിവാദവും കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ സംബന്ധിച്ചു മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും തമ്മിലുള്ള തര്‍ക്കങ്ങളും യുഡിഎഫിനു തിരിച്ചടിയായി. വിവാദമായ കല്ലാമലയിലും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തു.

Share via
Copy link
Powered by Social Snap