മലയാളിയുടെ കപട സദാചാരത്തിനെതിരെയുള്ള കനത്ത പ്രഹരമായി ഡോ.ജാനറ്റ് ജെ യുടെ ഹോളി കൗ റിലീസ് ചെയ്തു

മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലാദ്യമായി സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്ന ഹോളി കൗ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത ഹോളി കൗ  സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി മുന്നേറുന്നു. പുതുമയാര്‍ന്ന ദൃശ്യഭാഷയിലൂടെ മലയാളികളുടെ കപട സദാചാരത്തിനെതിരെ ആഞ്ഞടിക്കുകയാണ് ഈ ചിത്രം. സ്ത്രീയെ വില്‍പ്പനചരക്കും ഉപഭോഗവസ്തുവുമായി കാണുന്ന പൊതുസമൂഹത്തിന്‍റെ സമീപനങ്ങളെയാണ് ചിത്രം പൊളിച്ചെഴുതുന്നത്.

സ്ത്രീയുടെ സ്വകാര്യജീവിതവും , ലൈംഗികതയും, ദാമ്പത്യവും, സ്ത്രീയോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളുമൊക്കെ, ഹോളി കൗ അതീവ ഗൗരവത്തോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ പച്ചയായ ജീവിതം തന്നെയാണ് ഹോളി കൗ പറയുന്നത്. ആകസ്മിക സംഭവങ്ങളാല്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ വിട്ടുപോയ ഒരു സ്ത്രീയുടെ സഹനങ്ങളും അതിജീവനവുമാണ് ഹോളി കൗവിന്‍റെ ഇതിവൃത്തം.

തുറന്ന് പറയുന്നതിനോടൊപ്പം എല്ലാം തുറന്നുകാട്ടുന്നതാണ് ഹോളി കൗവിനെ വ്യത്യസ്തമാക്കുന്നത്. ദൈവിക് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ചിത്രം കൂടിയാണ് ഹോളി കൗ. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്.

ദി ഡേ റിപ്പീറ്റ്സ്, റെഡ് കാർപ്പെറ്റ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്‍ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്‍റി 20 എന്നീ ഡോക്യുമെന്‍ററികളും ഡോ. ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.ബാനര്‍- ദൈവിക് പ്രൊഡക്ഷന്‍സ്.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ഡോ.ജാനറ്റ് ജെ, നിര്‍മ്മാണം- ഡോ. ബിജു കെ ആര്‍.ക്യാമറ- സോണി.എഡിറ്റർ-അമൽ. സംഗീതം-അർജ്ജുൻ ദിലീപ്.കോസ്റ്റ്യൂം – അശ്വതി ജെ ബി,ആരതി കെ ബി. പി ആര്‍ ഒ – പി ആര്‍ സുമേരന്‍. 

Share via
Copy link
Powered by Social Snap