മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍.

ന്യൂഡൽഹി: ഡൽഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയായ കാല്‍റാ ആശുപത്രിയിലെ നഴ്‌സായിരുന്നു അംബിക. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ് മരിച്ച അംബിക.
വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചതുകൊണ്ടാണ് നഴ്‌സ് അംബികയ്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന ആദ്യത്തെ നഴ്‌സായിരുന്നു 46 കാരിയായ അംബിക. സഫ്ദര്‍ജംഗ് ആശുപത്രിയില്‍വച്ചാണ് അംബിക മരിക്കുന്നത്.  21 നാണ് സഫ്ദര്‍ജംഗില്‍ അംബികയെ അഡ്മിറ്റ് ചെയ്തത്. ഡ്യൂട്ടി സമയത്ത് പി.പി.ഇ കിറ്റുകള്‍ പുനരുപയോഗിക്കാന്‍ നിര്‍ബന്ധതിരാകാറുണ്ടെന്ന് കാല്‍റാ ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു.

ഡോക്റ്റര്‍മാര്‍ക്ക് പുതിയ പിപി.ഇ കിറ്റുകള്‍ നല്‍കുമ്പോള്‍ നഴ്‌സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിർബന്ധിക്കുകയാണ്. അതേസമയം ആശുപത്രിയിലെ അംബിക നഴ്‌സിംഗ് ഇന്‍ ചാര്‍ജിലുള്ള ആളുമായി പുതിയ പി.പി.ഇ കിറ്റുകളും മാസ്‌കും കിട്ടാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് അംബികയുമായി അടുത്ത സുഹ്യത്ത് പറഞ്ഞു. അംബികയുടെ കൂടെ ഐസിയുവില്‍ ജോലിചെയ്യുന്ന മറ്റൊരു നഴ്‌സും ഇത്  സ്ഥിരീകരിച്ചിട്ടുണ്ട്. 

മേയ് 18 വരെ അംബിക ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. രാവിലത്തെ ഷിഫ്റ്റായിരുന്നു അംബിക ചെയ്തത്. സുഖമില്ലാത്തതിനെത്തുടര്‍ന്ന് രാത്രി ഷിഫ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. രാത്രി അവള്‍ക്ക് പനിയുണ്ടായിരുന്നു. കഠിനമായ തൊണ്ട വേദനയും ശരീര വേദനയും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളവളോട് വിശ്രമിക്കാന്‍ പറഞ്ഞു. 19 നും അവള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മേയ് 21 ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊണ്ടുപോയി,” അംബികയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു നഴ്‌സ് പറഞ്ഞു.

ഉപയോഗിച്ച പിപി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി പറഞ്ഞെന്നും മാസ്‌കുകള്‍ക്ക് പണം ഇടാക്കുന്നുണ്ടെന്നും അംബിക പറഞ്ഞതായി അംബികയുടെ മകന്‍ പറഞ്ഞു.

Share via
Copy link
Powered by Social Snap