മാന്ത്രികൻ മറഞ്ഞു, മറഡോണ ഇനി ചരിത്രം

ബുവാനോസ് ആരിസ്: “ദൈവത്തിന്‍റെ കൈ’ വാരിച്ചൊരിഞ്ഞ അത്ഭുത സിദ്ധികൾ കൊണ്ട് ഫുട്ബോൾ കളങ്ങളെ വിസ്മയഭരിതമാക്കിയ മാന്ത്രികനെ ദൈവകരങ്ങൾ തിരിച്ചെടുത്തു. ഡിയേഗോ മറഡോണ ഇനി ഇതിഹാസ താരങ്ങളുടെ ചരിത്ര പുസ്തകത്തിൽ മാത്രം. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലുൾപ്പെട്ട മറഡോണയുടെ അന്ത്യം അറുപതാം വയസിൽ; ഹൃദയാഘാതത്തിലൂടെ. സ്വന്തം വസതിയിൽ വച്ചായിരുന്നു ഹൃദയാഘാതമുണ്ടായതെന്ന് അർജന്‍റൈൻ മാധ്യമങ്ങൾ.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കു ശേഷം മറഡോണ വസതിയിൽ മടങ്ങിയെത്തിയതു രണ്ടാഴ്ച മുൻപാണ്. അർജന്‍റീനയെ ലോക ഫുട്ബോളിന്‍റെ തലപ്പത്തു പ്രതിഷ്ഠിച്ച മറഡോണയ്ക്ക് ലോകവ്യാപകമായി കോടിക്കണക്കിനാണ് ആരാധകർ. 1986ലെ ലോകകപ്പിൽ അർജന്‍റീനയ്ക്കു
വേണ്ടി കപ്പുയർത്തിയ നായകൻ. അന്നു ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിന്‍റെ താളുകളിൽ വേറിട്ടുനിൽക്കുന്നവ.

മറഡോണയുടെ കൈയിൽ തട്ടി നേടിയ ആദ്യ ഗോൾ “ദൈവത്തിന്‍റെ കൈ’ നേടിയ ഗോളായാണ് അറിയപ്പെടുന്നത്. മറഡോണയുടെ കൈയിൽ നിന്നാണു പന്തു പോയതെന്നു റഫറി അറിഞ്ഞില്ല. ആറ് ഇംഗ്ലീഷ് താരങ്ങളെ മറികടന്ന് മറഡോണ നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്‍റെ ഗോളായും അറിയപ്പെടുന്നു. മത്സരത്തിൽ അർജന്‍റീന ജയിച്ചത് 2-1ന്.ഫൈനലിൽ പശ്ചിമ ജർമനിയെ 3-2നു കീഴടക്കി അർജന്‍റീന കപ്പ് ഉയർത്തുകയും ചെയ്തു. 1982 മുതൽ നാലു ലോകകപ്പുകളിൽ അർജന്‍റൈൻ ജഴ്സിയണിഞ്ഞിട്ടുണ്ട് “കാൽപ്പന്തു കളിയിലെ ദൈവം’.ക്ലബ് ഫുട്ബോളിൽ ബൊക്ക ജൂണിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയിറങ്ങി. എതിരാളികളെ അമ്പരപ്പിക്കുന്ന ചടുല നീക്കങ്ങളും ഡ്രിബിളിങ്ങും ഫിനിഷിങ്ങുമെല്ലാം ലോകമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. പന്തിനെ സ്വന്തം ഇഷ്ടത്തിനനുസരിച്ചു നിർത്താനും തിരിക്കാനുമുള്ള ഈ കുറിയ ശരീരത്തിന്‍റെ  പ്രാഗത്ഭ്യം കളിക്കളങ്ങളിൽ അതിസുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.

കളിക്കളത്തിൽ നിന്നു വിടവാങ്ങിയ ശേഷം പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട് മറഡോണ. എന്നാൽ,
മയക്കുമരുന്നും മദ്യാസക്തിയും അതുല്യ പ്രതിഭയുടെ ശേഷി ചോർത്തി. എൺപതുകളുടെ മധ്യത്തോടെ തന്നെ കൊക്കയിൻ ഉപയോഗിക്കാൻ തുടങ്ങിയ താരം അടുത്ത രണ്ടു ദശകങ്ങൾ കൊണ്ട് മയക്കുമരുന്നിനും മദ്യത്തിനും അടിമയായി.

എതിരാളികൾക്ക് താൻ നല്ല അവസരമാണു നൽകിയതെന്ന് 2014ൽ മറഡോണ പറഞ്ഞിട്ടുണ്ട്. മയക്കുമരുന്ന്
ഉപയോഗിച്ചിരുന്നില്ലെങ്കിൽ ഞാൻ എത്ര വലിയ താരമാകുമായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

കൊക്കയിൻ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് 1991ൽ നാപ്പോളി 15 മാസത്തേക്കു വിലക്കു കൽപ്പിച്ചതായിരുന്നു ആദ്യ ശിക്ഷ. അതേവർഷം തന്നെ അര കിലോ കൊക്കയിനുമായി ബുവാനോസ് ആരിസിൽ അറസ്റ്റിലായി. 1994ൽ അർജന്‍റൈൻ ടീമിൽ തിരിച്ചെത്തിയ മറഡോണ വലിയ തോതിൽ ലോക ശ്രദ്ധ നേടി. ഗ്രീസിനെതിരായ മത്സരത്തിൽ മറഡോണയുടെ ഗോൾ ക്യാമറ ലെൻസുകൾ നന്നായി ആഘോഷിച്ചു. എന്നാൽ, ഈ ലോകകപ്പിനിടെ തന്നെ ഉത്തേജക മരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു. 15 മാസത്തേക്ക് വിലക്കുമായി. ഇതോടെ മാറഡോണയുടെ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതം അവസാനിച്ചു.

1995ൽ ബൊക്ക ജൂണിയേഴ്സിൽ കളിക്കാനിറങ്ങി. രണ്ടുവർഷത്തിനു ശേഷം വീണ്ടും ഉത്തേജക മരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു. ഇതോടെ ക്ലബ് ഫുട്ബോളിലും സ്ഥാനമില്ലാതായി. അന്നു മൂത്ര സാംപിളിൽ കൊക്കയിനാണു കണ്ടെത്തിയതെന്ന് പിന്നീട് ഒരഭിമുഖത്തിൽ ബൊക്ക പ്രസിഡന്‍റ് മൗറീഷ്യോ മാക്രി പറയുകയുണ്ടായി. താൻ മയക്കുമരുന്നിന് അടിമയാണെന്ന് 1996ൽ മറഡോണ തന്നെ വെളിപ്പെടുത്തി. രണ്ടായിരത്തിൽ മയക്കുമരുന്നിന്‍റെ ഓവർ ഡോസ് പ്രശ്നവും 2004ൽ ഹൃദയാഘാതവുമുണ്ടായി. പിന്നീടു പലതവണ ആശുപത്രിയിലായിട്ടുണ്ട്. അതിനു ശേഷം മയക്കുമരുന്ന് ഉപയോഗം നിർത്തിയതായി മറഡോണ തന്നെ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 13 വർഷമായി താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് മാധ്യമ പ്രവർത്തകരോടു പറഞ്ഞത് 2017ൽ.

Share via
Copy link
Powered by Social Snap