മാൻ കൊമ്പോടുകൂടിയ തലയോട്ടിയും വാറ്റുചാരായവുമായി മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് കോങ്ങാട് നിന്നും മാൻ കൊമ്പും വാറ്റുചാരായവുമായി മൂന്ന് പേർ അറസ്റ്റിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പോടുകൂടിയ തലയോട്ടിയും രണ്ടര ലിറ്റർ വാറ്റുചാരായവും 100 ലിറ്റർ വാഷും കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് കയറംകോട്, നാന്പുള്ളിപ്പുര, അത്താണിപ്പറന്പിൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാൻകൊമ്പും വാറ്റ് ചാരായവും കണ്ടെത്തിയത്. നാന്പുള്ളിപ്പുര പുതുപ്പറമ്പിൽ വീട്ടിൽ ജോൺസൺ, നാമ്പുള്ളിപ്പുര വലിയപറമ്പിൽ രാധാകൃഷ്ണൻ പുതുപ്പറന്പിൽ തോമസ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

തോമസിന്‍റെ പക്കൽ നിന്നും ഒരു ലിറ്റർ വാറ്റുചാരായവും, ജോൺസന്‍റെ വീട്ടിൽ നിന്നും മാൻ കൊമ്പോടുകൂടിയ തലയോട്ടിയും 100 ലിറ്റർ വാഷും, ഒന്നര ലിറ്റർ ചാരായവും കണ്ടെത്തി. റബ്ബർ തോട്ടത്തിൽ നിന്നാണ് ചാരായം വാറ്റാൻ പാകപെടുത്തിയ വാഷ് കണ്ടെത്തിയത്. മൈലംപുള്ളി മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റ് ചാരായ വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. 

പ്രതികൾക്കെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസ്സെടുത്തു. പിടികൂടിയ മാൻകൊന്പ് വനം വകുപ്പിന് കൈമാറും. ജോൺസണിന്‍റെ വീട്ടിൽ നിന്ന് മാൻ കൊന്പ് കിട്ടയതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തും. ജോൺസണും രാധാകൃഷ്ണനും മുന്പ് നിരവധി കേസ്സുകളിൽ പ്രതികളാണ്. കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

Share via
Copy link
Powered by Social Snap