മാർട്ടിന്റേത് സിനിമാക്കഥയെ വെല്ലുന്ന ജീവിതം

കൊച്ചി > സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ്‌ ഫ്ലാറ്റ്‌ പീഡനക്കേസിലെ പ്രതി മാർട്ടിൻ നയിച്ചിരുന്നത്‌. കണ്ണൂർ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ്‌ ഫെബ്രുവരി 15 മുതൽ 22 ദിവസം തടങ്കലിൽ ശാരീരികമായും മാനസികമായും മാർട്ടിൻ പീഡിപ്പിച്ചത്.

എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലായത്. ഇവർ ഒരുമിച്ചുതാമസിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയെ മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി. ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുയും ചെയ്‌തു.  ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളത്ത് ആഡംബരസൗകര്യങ്ങളോടെയാണ് മാർട്ടിൻ ജീവിച്ചിരുന്നത്. മറൈൻഡ്രൈവിൽ മാസം അരലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റിലായിരുന്നു താമസം. തൃശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നുമാത്രമാണ്‌ വീട്ടുകാരോട് പറഞ്ഞിരുന്നത്.

നേരത്തേ ചില കഞ്ചാവുകേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. മണി ചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയാണ് പണം സമ്പാദിച്ചിരുന്നത്.

പൊലീസ്‌ അന്വേഷണം ആരംഭിച്ചതോടെ മാർട്ടിൻ ഒളിവിൽ പോയി. ഫോൺ ഉപയോഗിക്കാതിരുന്ന മാർട്ടിനെ സുഹൃത്തുക്കളുടെ ഫോൺ പിന്തുടർന്നും ഡ്രോൺ ഉപയോഗിച്ച്‌ തെരച്ചിൽ നടത്തിയുമാണ്‌ പൊലീസ്‌ പിടികൂടിയത്‌.

Share via
Copy link
Powered by Social Snap