മിസൈലുകൾക്കു പിന്നാലെ ഇന്ത്യയുടെ ഡ്രോൺ പരീക്ഷണം

ബംഗളൂരു:  ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച ഡ്രോൺ റുസ്റ്റം-2ന്‍റെ ആദ്യ മാതൃകയ്ക്ക് കർണാടകയിലെ ചിത്രദുർഗയിൽ വിജയകരമായ പരീക്ഷണപ്പറക്കൽ. 16,000 അടി ഉയരത്തിൽ എട്ടു മണിക്കൂർ തുടർച്ചയായി പറന്നു റുസ്റ്റം 2 ഡ്രോൺ. ഇക്കൊല്ലം അവസാനത്തോടെ 26,000 അടി ഉയരത്തിൽ തുടർച്ചയായി 18 മണിക്കൂർ പറക്കാനാകുന്ന മാതൃക യാഥാർഥ്യമാകുമെന്നാണു കരുതുന്നത്. പരീക്ഷണത്തിൽ ആദ്യകാലത്ത് നേരിട്ട തിരിച്ചടികൾ മറികടന്നാണ് വെള്ളിയാഴ്ചത്തെ നേട്ടം. നിലവിൽ ഇസ്രേലി നിർമിത ഹെറോൺ ഡ്രോൺ ആണ് ഇന്ത്യൻ സേന ഉപയോഗിക്കുന്നത്. ഇതിനു പകരമാകും ഇന്ത്യയുടെ റുസ്റ്റം 2. ചൈനയുമായി സംഘർഷം രൂക്ഷമായിരിക്കെ ഒരു മാസത്തിനിടെ ഇന്ത്യ എട്ട് മിസൈലുകൾ പരീക്ഷിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഡ്രോൺ പരീക്ഷണം.

ദൗത്യത്തിന്‍റെ സ്വഭാവത്തിനനുസരിച്ച് റഡാർ, ഇലക്‌ട്രോണിക് ഇന്‍റലിജൻസ് സംവിധാനം തുടങ്ങിയവയുൾപ്പെടെ നിരീക്ഷണ ഉപകരണങ്ങളെ വഹിക്കാനാകും റുസ്റ്റം 2ന്. ഉപഗ്രഹവുമായി നേരിട്ടു ബന്ധം പുലർത്താനാകുന്നതിനാൽ തൽസമയ വിവരങ്ങളും ലഭിക്കും. ചിത്രദുർഗയിലെ ചല്ലക്കരെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നടന്ന പരീക്ഷണത്തിൽ എട്ടു മണിക്കൂറിനു ശേഷം നിലത്തിറക്കി ഡ്രോണിൽ ഒരു ലിറ്റർ ഇന്ധനം അവശേഷിച്ചിരുന്നുവെന്ന് ഡിആർഡിഒ.

കിഴക്കൻ ലഡാഖിൽ ചൈനയുടെ പ്രകോപനം ശീതകാലത്തേക്കും നീളുന്നതിനിടെയാണ് ഇന്ത്യ ഡ്രോൺ പരീക്ഷിച്ചത്. നിലവിൽ ഉപയോഗിക്കുന്ന ഹെറോൺ ഡ്രോണിനെ നവീകരിക്കുന്നതു സംബന്ധിച്ച് ഇസ്രേലി എയ്റോസ്പെയ്സ് ഇൻഡസ്ട്രിയുമായി ചർച്ചകൾ നടത്തുന്നുണ്ട് ഇന്ത്യ. നവീകരണത്തിനൊപ്പം ഈ ഡ്രോണിൽ മിസൈലുകളും ബോംബുകളും ഘടിപ്പിക്കാനാവുന്നതും പരിഗണിക്കുന്നുണ്ട്. ഹെറോണിൽ ഉപഗ്രവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനുള്ള സംവിധാനവും സ്ഥാപിക്കും.

Share via
Copy link
Powered by Social Snap