മുംബൈയില് മാത്രം 11,163 കോവിഡ് രോഗികള്; നിയന്ത്രണങ്ങള് കടുപ്പിച്ച് സര്ക്കാര്

മുംബൈ: മുബൈയില്‍ ആശങ്കയുയര്‍ത്തി കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഞായറാഴ്ച 11,163 പേര്‍ക്കാണ് നഗരത്തില്‍ ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രയില്‍ 57,074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

222 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഞായറാഴ്ച ഉണ്ടായത്. ഒരുദിവസംമുമ്പ് ശനിയാഴ്ച മഹാരാഷ്ട്രയില്‍ 49,447 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 277 മരണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,163 കടന്നാണ് മുംബൈയില്‍ രോഗവ്യാപനം രൂക്ഷമായ നിലയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 30,10,597 ആയി ഉയര്‍ന്നു. ഇതില്‍ 4,30,503 പേര്‍ ചികിത്സയിലാണ്, 25,22,823 പേര്‍ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ 55,878 ആയി ഉയര്‍ന്നു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് 25 മരണം രേഖപ്പെടുത്തി. മുംബൈ നഗരത്തില്‍ മൊത്തം 43,697പേരെയാണ് കോവിഡ് പരിശോധന നടത്തിയത്. അതിലാണ് പതിനൊന്നായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ഏഴു വരെയാണ് രാത്രി കര്‍ഫ്യൂ. പകല്‍ സമയത്ത് അഞ്ചിലധികം പേര്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. മാളുകളും ഭക്ഷണശാലകളും ബാറുകളും തുറക്കാന്‍ അനുവദിക്കില്ല. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ അനുവദിക്കും. വ്യാവസായിക പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കും. പച്ചക്കറി ചന്തകളില്‍ ജനക്കൂട്ടം നിയന്ത്രിക്കും.

ആള്‍ക്കൂട്ടം ഉണ്ടാകാത്ത തരത്തില്‍ സിനിമാ ഷൂട്ടിങ് അനുവദിക്കും. തീയേറ്ററുകള്‍ തുറക്കില്ല. വാരാന്ത്യങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയൊന്നും അനുവദിക്കില്ല. പൊതുഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 50 ശതമാനം ആളെക്കയറ്റുന്ന തരത്തില്‍ പൊതുഗതാഗതം അനുവദിക്കും.

Share via
Copy link
Powered by Social Snap