മുഖ്യമന്ത്രി നാല് താഴിട്ട് പൂട്ടിയാലും രേഖകളെല്ലാം പുറത്തുകൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല; സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാല് താഴിട്ട് പൂട്ടിയാലും രേഖകൾ എല്ലാം പുറത്ത് കൊണ്ടുവരുമെന്ന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല പൂന്തുറയിൽ സത്യഗ്രഹം തുടങ്ങി. മുഖ്യമന്ത്രി അറി‍ഞ്ഞാണ് ഇഎംസിസി ധാരണാപത്രമെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു.

കള്ളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമം. സ്പ്രിംക്ളർ ഉൾപ്പെടെയുള്ള കരാറുകളിൽ ഇത് കണ്ടു. ഇവിടെ അത് നടക്കില്ല. ഇഎംസിസി ഫ്രോഡ് കമ്പനി ആണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരമൊരു റിപ്പോർട്ട് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിൽ പുറത്തു വിടാൻ ഫിഷറീസ്‌ സെക്രട്ടറി തയ്യാറാകണം. പിടിക്കപ്പെട്ടപ്പോൾ മന്ത്രി ഓരോന്ന് പറയുന്നു. താൻ ഐശ്വര്യയാത്ര ആരംഭിച്ചത് എന്നെന്ന് പോലും മന്ത്രിയ്ക്ക് അറിയില്ല. മന്ത്രിയുടെ ഭാഷയിൽ മറുപടി പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. ചെന്നിത്തല പറയുന്ന അഴിമതിയെല്ലാം ശരിവയ്ക്കുന്നതാണ് സർക്കാർ നടപടികൾ എന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തല എന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കിയെങ്കിലും പ്രതിപക്ഷം വിവാദം വിടാൻ ഒരുക്കമല്ല. തീരത്തെ പ്രത്യക്ഷ സമരത്തിൻറെ ഭാഗമായാണ് പൂന്തുറയിലെ ചെന്നിത്തലയുടെ ഉപവാസം. മുഖ്യമന്ത്രിക്ക് ഇടപാടിലുള്ള ബന്ധവും ഫിഷറീസ് മന്ത്രിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടാണ് ചെന്നിത്തല വീണ്ടും സർക്കാറിനെതിരെ രംഗത്തെത്തുന്നത്. ഫയലുകൾ ചെന്നിത്തലക്ക് കിട്ടുന്നതിൽ ഗൂഡാലോചനയുണ്ടെന്ന സർക്കാർ ആവർത്തിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിൻറെ വെല്ലുവിളി.

കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെ ഫിഷറീസ് മന്ത്രി സംശയിക്കുമ്പോൾ ഉദ്യോഗാസ്ഥൻറെ തലയിൽ കെട്ടിവെച്ച് തലയൂരാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. ആഭ്യന്തരസെക്രട്ടറി ടികെ ജോസിൻറെ അന്വേഷണത്തിന് ശേഷം പ്രശാന്തിനെതിരെ തുടർ നടപടി എന്നാണ് സർക്കാർ ആലോചന. പ്രശാന്ത് നൽകുന്ന വിശദീകരണവും പ്രധാനമാകും. ബന്ധപ്പെട്ട വകുപ്പുകൾ അറിഞ്ഞാണ് ധാരണാപത്രം എന്നാണ് പ്രശാന്ത് വിശദീകരണമെങ്കിൽ സർക്കാർ കൂടുതൽ വെട്ടിലാകും. കെപിസിസി പ്രസിഡന്റാണ് ചെന്നിത്തലയുടെ  സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. ഒന്ന് മുതൽ യുഡിഎഫിന്റെ നേതൃത്വത്തിൽ തിരദേശജാഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap