മുറിവുണക്കാൻ സമയമായി: ഇലക്റ്ററൽ കോളെജ് വോട്ടെടുപ്പിനു ശേഷം ബൈഡൻ

വാഷിങ്ടൺ: എഴുപത്തെട്ടുകാരൻ ജോ ബൈഡൻ അടുത്ത മാസം യുഎസ് പ്രസിഡന്‍റായി സ്ഥാനമേൽക്കാനുള്ള അവസാന കടമ്പയും കടന്നു. 538 അംഗ ഇലക്റ്ററൽ കോളെജ് ബെഡനെ അടുത്ത പ്രസിഡന്‍റായും ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്‍റായും ഔപചാരികമായി തെരഞ്ഞെടുത്തു. ഇലക്റ്ററൽ കോളെജ് അംഗങ്ങളുടെ വോട്ടെടുപ്പിൽ അപ്രതീക്ഷിത സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല. ഭൂരിപക്ഷത്തിനു വേണ്ട 270 വോട്ടുകൾ ബൈഡൻ അനായാസം മറികടന്നു. 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും നടന്ന പേപ്പർ ബാലറ്റ് വോട്ടെടുപ്പിൽ ഡെമൊക്രറ്റിക് പ്രതിനിധികൾ ബൈഡനും റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിനും കൃത്യമായി വോട്ടു ചെയ്തു എന്നാണു റിപ്പോർട്ടുകൾ. സംസ്ഥാനങ്ങൾ ഫലം വാഷിങ്ടണിലേക്ക് അയയ്ക്കും. ജനുവരി ആറിന് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനമാണ് ഇതു ടാലി ചെയ്യുക. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

ഒന്നിക്കാനും മുറിവുണക്കാനും താളുകൾ മറിക്കാനും സമയമായെന്ന് ഇലക്റ്ററൽ കോളെജ് അംഗങ്ങളുടെ വോട്ടെടുപ്പിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ജോ ബൈഡൻ പറഞ്ഞു. നിയമവും ഭരണഘടനയും അമെരിക്കക്കാരുടെ ദൃഢനിശ്ചയവും എല്ലാം അതിജീവിക്കുമെന്നും ബൈഡൻ. ഈ രാജ്യത്ത് ജനാധിപത്യത്തിന്‍റെ അഗ്നികൊളുത്തിയത് ഏറെയേറെ വർഷങ്ങൾ മുൻപാണ്. മഹാമാരിക്കോ അധികാര ദുർവിനിയോഗത്തിനോ ഒന്നും അതിനെ കെടുത്താനാവില്ല. അമെരിക്കയുടെ ആത്മാവിൽ ജനാധിപത്യം നിലനിൽക്കും. നമ്മുടെ തെരഞ്ഞെടുപ്പിന്‍റെ സത്യസന്ധത ഒരിളക്കവും തട്ടാതെ നിലനിൽക്കുന്നുണ്ട്. അതിനാൽ ഇനി താളുകൾ മറിക്കാൻ സമയമായി. ഒന്നിച്ചുനിൽക്കാനും മുറിവുണക്കാനും സമയമായി- അദ്ദേഹം പറഞ്ഞു.

ആക്രമിക്കാനുള്ളതല്ല, ആഘോഷിക്കാനുള്ളതാണ് ഈ വിജയമെന്നും അദ്ദേഹം. 81 ദശലക്ഷത്തിലേറെ വോട്ടുകളാണ് തനിക്കും കമല ഹാരിസിനും ലഭിച്ചത്. ഇതൊരു റെക്കോഡാണ്. അമെരിക്കൻ ചരിത്രത്തിൽ മറ്റാർക്കും ലഭിക്കാത്തത്ര ജനകീയ വോട്ടുകൾ. വിജയമാർജിൻ 70 ലക്ഷത്തിലേറെ വോട്ടുകളുടേതാണ്- നിയുക്ത പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. തനിക്കും കമല ഹാരിസിനും 306 ഇലക്റ്ററൽ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. ഡോണൾഡ് ട്രംപും കൂട്ടരും തന്‍റെ വിജയം ഇനിയെങ്കിലും അംഗീകരിക്കണമെന്നും റിപ്പബ്ലിക്കൻ കക്ഷിയുടെ നിയമപോരാട്ടം പരാമർശിച്ച് ബൈഡൻ ആവശ്യപ്പെട്ടു. 2016ൽ ട്രംപിനും മൈക്ക് പെൻസിനും 306 ഇലക്റ്റൽ വോട്ടുകൾ തന്നെയാണു കിട്ടിയത്. അന്ന് അത് തകർപ്പൻ വിജയമെന്നാണു ട്രംപ് പറഞ്ഞത്. ഇപ്പോൾ അതേ വിജയം താനും നേടിയിരിക്കുന്നുവെന്ന് അവർ അംഗീകരിക്കണം. ട്രംപ് പക്ഷത്തിന്‍റെ ഹർജികൾ യുഎസ് കോടതികൾ തള്ളിക്കളഞ്ഞതും ബൈഡൻ ഓർമിപ്പിച്ചു.

രാജ്യത്തെ എൺപതിലേറെ ജഡ്ജിമാർ അവരുടെ പരാതികൾ കേട്ടു. ഓരോ കേസിലും രേഖകളോ തെളിവുകളോ ഉണ്ടായിരുന്നില്ല. ചില സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണി. അതിലും മാറ്റമൊന്നുമുണ്ടായില്ല. ജോർജിയയിലെ ഫലം മൂന്നു തവണ എണ്ണി. അതും ഫലത്തെ മാറ്റിയില്ല. 20 ദശലക്ഷത്തിലേറെ അമെരിക്കക്കാരുടെ വോട്ടുകൾ റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. അതും തള്ളിപ്പോയി. പ്രസിഡന്‍റ് ട്രംപിനും അദ്ദേഹത്തിനൊപ്പമുള്ളവർക്കും സുപ്രീം കോടതി കൃത്യമായ സിഗ്നൽ നൽകിയിട്ടുണ്ട്- ബൈഡൻ വിശദീകരിച്ചു.

Share via
Copy link
Powered by Social Snap