മൂന്നാറില് പെട്ടിക്കടകളുടെ കയ്യേറ്റം ഒഴിപ്പിച്ചു; വ്യാപക പരാതി

ഇടുക്കി: കൊവിഡ് കാലത്ത് ദേശീയപാത കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയതോടെ ടൂറിസം ഉപജീവനമാക്കിയ നിരവധിപ്പേര്‍ പട്ടിണിയില്‍. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ വ്യാപാരികളാണ് ഉപജീവനം നടത്താന്‍ മറ്റ് വഴികള്‍ തേടേണ്ടിവന്നിരിക്കുന്നത്. കൊവിഡ് കാലത്ത് മൂന്നാറിലെ തെയിലേത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ക്യത്യമായി വേതനം ലഭിച്ചപ്പോള്‍ കടക്കെണിയിലായ മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജീവിച്ചിരുന്നവര്‍. 

സര്‍ക്കാരിന്റെ സൗജന്യ അരിയുടെ ബലത്തില്‍ ജീവിച്ചിരിക്കുന്ന തൊഴിലാളികള്‍ക്ക് സന്ദര്‍ശകരുടെ വിലക്ക് നീങ്ങിയത് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മൂന്നാറിലെ തോട്ടങ്ങളില്‍ വിളയുന്ന ക്യാരറ്റും ബീന്‍സും പച്ചക്കറികളുമായി അവര്‍ ദേശീയപാതയോരങ്ങളിലെ പെട്ടിക്കടകളിലെത്തി. കൊവിഡ് കാലത്തെ പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് പലരും വ്യാപാരത്തിനായി തെരുവുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുംമുമ്പേ എല്ലാം നഷ്ടമായ അവസ്ഥയിലാണ് ഇവരുള്ളത്. സന്ദര്‍ശകരുടെ വരവ് കൂടിയതോടെ റവന്യുവകുപ്പ് അധിക്യതരുടെ ദേശീയപാത കയ്യേറിയുള്ള ഒഴിപ്പിക്കല്‍ നടത്തുകയായിരുന്നു. 

മൂന്നാറിലെ നിരവധി പെട്ടിക്കടകളാണ് കൈയ്യേറ്റത്തിന്റെ പേരില്‍ പൊളിച്ചുനീക്കിയത്. മറ്റിടങ്ങളില്‍ നിന്നും വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചത് തെരുവോരങ്ങളില്‍ കച്ചവടം നടത്തിയാല്‍ അധികൃതര്‍ക്ക് പരാതിയില്ലെന്നാണ് കടകള്‍ നഷ്ടമായവരുടെ ആരോപണം. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളും ജീവിക്കാന്‍ വഴിയില്ലാത്ത തൊഴിലാളികളുമാണ് മൂന്നാറിലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. ട്രാഫിക്ക് കുരുക്കിന് ഇടയാക്കുന്ന പെട്ടിക്കടകള്‍ പൊളിച്ചുനീക്കുകതന്നെ ചെയ്യണം. എന്നാല്‍ അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ അതിവേഗം നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Share via
Copy link
Powered by Social Snap