മൂന്നാർ വിളിക്കുന്നു; തൂമഞ്ഞിൻ കുളിരുമായ്

ക്രിസ്മസ്–- പുതുവത്സരം പ്രമാണിച്ച് ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തിത്തുടങ്ങി. തിരക്ക് വർധിച്ചതോടെ ഭൂരിഭാഗം കോട്ടേജുകളിലും റിസോർട്ടുകളിലും ഓൺലൈൻ സംവിധാനത്തിലാണ് മുറികൾ ബുക്ക് ചെയ്യുന്നത്. മൂന്നാറിൽ എത്തിയശേഷം മുറി എടുക്കാമെന്നുകരുതി എത്തുന്നവർ താമസസ്ഥലം ലഭിക്കാതെ നിരാശരാകുന്ന കാഴ്ചയും കാണാം. കുടുംബസമേതം വരുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.

കോവിഡ് 19 നിയന്ത്രണങ്ങളിൽ അയവുവന്നതോടെ മൂന്നാറിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും തണുപ്പ് അനുഭവിക്കുന്നതിനും സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയതോടെ പ്രതിസന്ധിയിലായിരുന്ന മൂന്നാറിലെ ടൂറിസം മേഖല മെല്ലെ ഉണർന്നു തുടങ്ങിയിരുന്നു. നവംബറിൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സഞ്ചാരികളുടെ തിരക്ക് കൂടുതലായി കണ്ടുവന്നത്. എന്നാൽ ഡിസംബർ ആദ്യം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും തിരക്കാണ്. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരാണ് ഏറെയും. ഒരു മാസം മുമ്പുതന്നെ ഓൺലൈൻ ബുക്കിങ് തുടങ്ങിയതായി റിസോർട്ട് ഉടമകൾ പറഞ്ഞു.