മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി; കൊലപ്പെടുത്തിയതായി പോലീസ്

ഹരിയാന: ബന്ധുവും സുഹൃത്തുക്കളും ചേർന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പതിനാറ് വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയതായി പാനിപ്പട്ട് പൊലീസ് റിപ്പോർട്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം ആൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് പത്താം ക്ലാസ് വിദ്യാർത്ഥി കുനാലിനെ കാണാതാകുന്നത്. 

കുനാലിന്റെ പിതാവായ യോ​ഗേഷ് അ​ഗർവാളിനോട് അഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളിലൊരാളായ സഹിൽ കുമാറാണ് കുട്ടിയുടെ ബന്ധു. സഹിൽ കുമാർ, സുഹൃത്തുക്കളായ രമൺ, കാശിഷ് എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് സുമിത് കുമാർ പറഞ്ഞു. പാനിപ്പട്ടിലെ ചൗട്ടാല ​ഗ്രാമത്തിലെ അഴുക്കുചാലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വലിച്ചെറിയുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാം​ഗങ്ങൾക്ക് വിട്ടു കൊടുത്തതായും പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published.