മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ അവയവദാനസമ്മതപത്രം നല്‍കും

തിരുവനന്തപുരം: മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കേരളമെമ്പാടുമുള്ള ആരാധകരുടെ മസ്തിഷ്ക മരണാനന്തര അവയവദാനസമ്മതപത്രം മൃതസഞ്ജീവനിയിലേയ്ക്കെത്തും. സംസ്ഥാനത്താകെയുള്ള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മൃതസഞ്ജീവനി ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ മോഹന്‍ലാലിന്‍റെ ജന്മദിനമായ വ്യാഴാഴ്ച തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ഇതിനകം അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഈ മസ്തിഷ്ക മരണാനന്തര അവയവദാനപദ്ധതിയുടെ പ്രസക്തി ഇന്ന് സംസ്ഥാനത്തിനപ്പുറത്തേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. മസ്തിഷ്ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്ദേശം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ലക്ഷക്കണക്കിനുവരുന്ന ആരാധകര്‍ ഒപ്പുവയ്ക്കുമ്പോള്‍ അതൊരു ചരിത്രമുഹൂര്‍ത്തമായി മാറും. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ സമ്മതപത്രം ഏറ്റുവാങ്ങുമെന്ന് മൃതസഞ്ജീവനി അധികൃതര്‍ അറിയിച്ചു. മറ്റുജില്ലകളില്‍ മൃതസഞ്ജീവനിയുടെ അതാത് ജില്ലാ അധികാരികള്‍ സമ്മതപത്രം ഏറ്റുവാങ്ങും. സാധാരണക്കാരും പാവപ്പെട്ടവരുമായ ഒട്ടനവധി രോഗികള്‍ക്ക് ഈ അവയവദാനപദ്ധതിയിലൂടെ ജീവിതം തിരികെ ലഭിച്ചു. കോവിഡ് രോഗഭീതി നാടാകെ ഗ്രസിച്ച സാഹചര്യത്തിലും മസ്തിഷ്കമരണാനന്തര അവയവദാനങ്ങള്‍ കേരളത്തില്‍ ഒരു തടസവുമില്ലാതെ നടന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ ഈ പ്രതിസന്ധിഘട്ടത്തിലും അവയവദാനത്തിന് എടുത്ത ദൃഢനിശ്ചയത്തെ മോഹന്‍ലാല്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. അതുപോലെ അവയവം സ്വീകരിക്കുകയും ആരോഗ്യം വീണ്ടെടുത്ത് പുതുജീവിതം കൈവരിച്ചവരേയും മോഹന്‍ലാലിന്‍റെ ആശംസകള്‍ തേടിയെത്തിയിരുന്നു.

Share via
Copy link
Powered by Social Snap