യുകെയിൽ അതിവേഗം പടരുന്ന പുതിയ കൊറോണ വേരിയന്റ്, ഫ്ലൈറ്റുകൾ നിർത്തിവച്ച് ലോക രാജ്യങ്ങൾ

ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കൊറോണ വൈറസിന്‍റെ പുതിയ വേരിയന്‍റ് യുകെയിൽ ആശങ്ക വർധിപ്പിക്കുന്നു. പ്രമുഖ ലോക രാജ്യങ്ങളും ഉൾപരിവർത്തനം സംഭവിച്ച ഈ കൊവിഡ് വൈറസിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ലോക രാജ്യങ്ങൾ യുകെയിലേക്കുള്ള വിമാന സർവീസ് നിർത്തിവയ്ക്കുകയാണ്. പുതിയ വേരിയന്‍റ് അപകടകരമാവുമെന്ന ആശങ്കയിൽ സൗദി അറേബ്യ അന്താരാഷ്ട്ര ഫ്ലൈറ്റുകളൊക്കെ തത്കാലം നിർത്തിവച്ചു. ഒരാഴ്ചയാണ് ഇപ്പോഴത്തെ വിലക്ക്. പുതിയ വേരിയന്‍റിനെക്കുറിച്ച് വിശദമായ വിവരം ലഭിച്ച ശേഷം വിമാന സർവീസ് പുനരാരംഭിക്കുന്നത് പരിശോധിക്കുമെന്നാണ് അവർ പറയുന്നത്. യുകെയിൽ നിന്നുള്ള പാസഞ്ചർ ഫ്ലൈറ്റുകൾക്ക് ക്യാനഡയും നിരോധനം ഏർപ്പെടുത്തി.

അയർലൻഡ്,ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളും യുകെയുമായുള്ള വിമാനബന്ധം അവസാനിപ്പിക്കുന്നു. പുതിയ വേരിയന്‍റിനെയും അതു നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളെയും കുറിച്ചു ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയന്‍റെ യോഗം ഇന്നു ചേരുന്നുണ്ട്. ലണ്ടനിലും തെക്കു കിഴക്ക് ഇംഗ്ലണ്ടിലും അതിവേഗമാണ് പരിവർത്തനം സംഭവിച്ച പുതിയ വൈറസ് മിന്നൽ വേഗത്തിൽ പടരുന്നത്. ഈ മേഖലകളിൽ നാലുതലത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവിടങ്ങളിൽ ലോക്ഡൗൺ നിലവിൽ വന്നു. 16 ദശലക്ഷം പേർ വീടുകളിൽ തന്നെ കഴിയാനാണു നിർദേശിച്ചിരിക്കുന്നത്. ക്രിസ്മസ് കണക്കിലെടുത്ത് പദ്ധതിയിട്ടിരുന്ന നിയന്ത്രണങ്ങളിലെ ഇളവുകളെല്ലാം പിൻവലിച്ചു. ക്രിസ്മസിനു തൊട്ടുമുൻപ് ലോക് ഡൗൺ ഏർപ്പെടുത്തിയതിനെതിരേ സർക്കാർ വിമർശനം കേൾക്കുന്നുണ്ട്. എന്നാൽ, മറ്റൊരു മാർഗവുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. യുകെയിലെ മുഴുവൻ ജനങ്ങൾക്കും ചില നിയന്ത്രണങ്ങൾ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.  ലോക്കൽ പ്രദേശങ്ങൾ വിട്ട് പുറത്തുപോകാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. ലണ്ടനിൽ നിന്നു ജനങ്ങൾ പുറത്തുപോകുന്നതു തടയാൻ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിരിക്കുന്നു.

പുതിയ വേരിയന്‍റിന്‍റെ മരണനിരക്ക് കൂടുതലാണോ എന്നതിൽ വ്യക്തതയുണ്ടാവാൻ സമയമായിട്ടില്ല. കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.എന്നാൽ, രോഗവ്യാപനത്തോത് നിലവിലുള്ളതിലും വളരെ കൂടുതലാണ്. ഇപ്പോൾ പുറത്തിറങ്ങുന്ന വാക്സിനുകളോട് പുതിയ വേരിയന്‍റ് എങ്ങനെ പ്രതികരിക്കും എന്നതും വ്യക്തമാകാനിരിക്കുന്നു. പുതിയ വേരിയന്‍റിന്‍റെ വ്യാപനം നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. കേസുകൾ റോക്കറ്റ് വേഗത്തിലാണു കുതിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നാം ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു- ഹാൻകോക് പറയുന്നു.

Share via
Copy link
Powered by Social Snap