യുഡിഎഫിന്റേത് നീതിപൂര്വ്വമായ തീരുമാനം: പി ജെ ജോസഫ്

ജോസ് വിഭാഗത്തെ സംബന്ധിച്ച് യുഡിഎഫിന്‍റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ. അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറാവുന്നില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

അധികാരം പങ്കിടാന്‍ കെ എം മാണിയുടെ കാലത്തുണ്ടാക്കിയ ധാരണയാണ്. പിന്നീട് യുഡിഎഫ് തര്‍ക്കത്തില്‍ ഇടപെട്ടു. പക്ഷേ അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും ജോസ് വിഭാഗം സമ്മതിക്കുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.

എന്നാല്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ചയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസ്സാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെയോ പദവിയുടെയോ പ്രശ്‌നമല്ല. ഇതൊരു നീതിയുടെ പ്രശ്‌നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവെക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

കാല് മാറ്റക്കാരോടൊപ്പമാണ് യുഡിഎഫ് നിന്നത്. ധാരണ പാലിക്കാത്തതിന്‍റെ പേരിലാണെങ്കില്‍ ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. നാളെ രാവിലെ 10.30ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. അതിന് ശേഷം രാഷ്ട്രീയ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവെക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.