യുപിയിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ ടിങ്കു കപാല പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൌ: വികാസ് ദുബേക്ക് പിന്നാലെ ഉത്തർപ്രദേശിൽ മറ്റൊരു ഏറ്റുമുട്ടൽ കൊലപാതകം കൂടി. കുപ്രസിദ്ധ ഗുണ്ടാനേതാവായ ടിങ്കു കപാലയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

വികാസ് ദുബേയുടെ കൊലപാതകത്തിൽ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് ഉത്തർപ്രദേശിൽ മറ്റൊരു ഗുണ്ടാനേതാവും ഏറ്റമുട്ടലിൽ മരിക്കുന്നത്. ലക്നൗവിലെ ബരബങ്കിയിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വലിയ കുറ്റകൃത്യത്തിനായി ടിങ്കു കപാല തയ്യാറെടുക്കുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന റോഡിൽ പ്രത്യേക പൊലീസ് സംഘം നിലയുറപ്പിച്ചു. കൂട്ടാളിയുമൊത്ത് സ്കൂട്ടറിൽ വരികയായിരുന്ന കപാല പൊലീസിനെ കണ്ടതും വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ നടന്നത്.

കൊലപാതകം പിടിച്ചുപറി ഉൾപ്പെടെ 27 കേസുകളാണ് ലക്നൗവിൽ മാത്രം ടിങ്കു കപാലയ്ക്കെതിരെയുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇയാൾക്കെതിരെ കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു. ഇരുപത് വർഷമായി പൊലീസിന്റെ നോട്ടപ്പുള്ളിയാണ് ടിങ്കു കപാലെയെന്ന് ഉത്തർപ്രദേശ് ഡിജിപി പറഞ്ഞു.

കഴിഞ്ഞ വർഷം ഒരു സ്വർണ്ണക്കടയിൽ മോഷണം നടത്തുന്നതിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ ടിങ്കു കപാല ഒളിവിലായിരുന്നു. കഴിഞ്ഞ പത്തിനായിരുന്നു കാൺപൂരിൽ ഗുണ്ടാനേതാവ് വികാസ് ദുബേ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്.

Share via
Copy link
Powered by Social Snap