യുവതിയെ കൊലപ്പെടുത്തി കാറിൽ നിന്ന് വലിച്ചെറിഞ്ഞു; കാമുകൻ അറസ്റ്റിൽ

ചാലക്കുടി: പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ, പ്ലസ് ടു വിദ്യാർത്ഥിനിയായ യുവതിയെ വകവരുത്തി തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഗോപിക എന്ന ഇവാനെയാണ് (18) കാറിനകത്തു വച്ച് കുത്തിക്കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞത്.ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനും വെട്ടൂർ സ്വദേശിയുമായ സഫർഷായെയാണ് (26) ഷേക്കൽമുടി പൊലീസ് അറസ്റ്റ് ചെയ്തത്.

കുണ്ടന്നൂരിലുള്ള ഒരു കാർ ഷോപ്പിലെ ഡ്രൈവറായ സഫർഷാ ചാലക്കുടി വഴിയാണ് യുവതിയുമായി കാറിൽ തമിഴ്‌നാട്ടിലേയ്ക്ക് പോയത്. വൈകീട്ട് 6.30ന് മലക്കപ്പാറ ചെക്ക് പോസ്റ്റ് കടക്കുമ്പോൾ ഐ ട്വന്റി കാറിലെ മുൻ സീറ്റിൽ ഇവാനെയും ഉണ്ടായിരുന്നു. പിന്നീട് ആളിയാർ ഭാഗത്ത് വച്ച് ഷേക്കൽമുടി പൊലീസ് പരിശോധനയ്ക്ക് തടഞ്ഞു നിറുത്തുമ്പോൾ കാറിൽ യുവാവ് മാത്രമായിരുന്നു. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇതോടെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള വരട്ടുപാറയിൽ വച്ച് ഇവാനെ നിരവധി തവണ കുത്തിയെന്നും ശേഷം തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞെന്നും ഇയാൾ വെളിപ്പെടുത്തി. ഇതോടെ, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തമിഴ്‌നാട് പൊലീസ്, മലക്കപ്പാറ പൊലീസിന്റെ സഹായത്തോടെ തേയിലത്തോട്ടത്തിൽ തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മൃതദേഹം കണ്ടെത്തി. പിന്നീട് യുവതിയുടെ ബന്ധുക്കളെയും മറ്റും വിവരമറിയിച്ചു. വാൽപ്പാറ ഗവ. ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളത്തേയ്ക്ക് കൊണ്ടുപോയി. ഇവാനും സഫർഷായും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാൽ യുവാവിന്റെ സ്വഭാവ ദൂഷ്യത്താൽ പിന്നീട് ഇവാൻ പിന്മാറി. പ്രശ്നങ്ങളെല്ലാം രമ്യതയിൽ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ഇവാനെ സംഭവ ദിവസം ഇയാൾ കൂടെക്കൂട്ടുകയായിരുന്നു

Leave a Reply

Your email address will not be published.