യു ഡി എഫ് തകരുമ്പോള് അവരുടെ വെന്റിലേറ്ററാകാന് ഞങ്ങള്ക്കാവില്ല – കാനം രാജേന്ദ്രന്

തിരു:- യു ഡി എഫ് ദുര്‍ബലപ്പെടുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അവരുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയതിനുശേഷം അഭിപ്രായം പറയാം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞപോലെ കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ കയര്‍ എടുക്കേണ്ട കാര്യമില്ലോ എന്നും തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ എല്ലാക്കാലവും ഒരേ നിലപാട് ആയിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയാണെന്നും രാഷ്ട്രീയത്തില്‍ എല്ലാവരും ഒരേപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ആരെയെങ്കിലും ചേര്‍ക്കുന്നെങ്കില്‍ അത് കൂട്ടായ ആലോചനയ്ക്ക് ശേഷമാകും. എല്‍ ഡി എഫ് അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. മുന്നണി ആലോചിക്കുമ്പോള്‍ സി പി ഐ നിലപാട് വ്യക്തമാക്കുമെന്ന് കാനം പറഞ്ഞു. കെ എം മാണിയുടെ മുന്നണി പ്രവേശ വിഷയത്തില്‍ നേരത്തെ എടുത്ത നിലപാടുകളില്‍ സിപിഐയ്ക്ക് ഒരു മാറ്റവുമില്ല. യു ഡി എഫ് കക്ഷികള്‍ എങ്ങോട്ട് പോകുന്നുവെന്നത് ഞങ്ങളുടെ വിഷയമല്ല. യു.ഡി.എഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. ഞങ്ങള്‍ നയങ്ങളും പരിപാടികളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയാണ്. ആ അര്‍ത്ഥത്തില്‍ ഒരു ലെഫ്റ്റ് ഇമേജ് ഈ മുന്നണിക്കുണ്ട്. ആ നയങ്ങളാണ് ഞങ്ങള്‍ നടപ്പിലാക്കുന്നത്. ഇടതു മുന്നണിയുടെ നയങ്ങളുമായി അവര്‍ യോജിക്കാന്‍ തയ്യാറായാലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവരുടെ നിലപാട് ബോധ്യപ്പെടുമ്പോള്‍ ഞങ്ങള്‍ പരിശോധിക്കാം എന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.