യോഗ സെന്ററുകളും ജിംനേഷ്യങ്ങളും ബുധനാഴ്ച മുതൽ തുറക്കാം; മാര്ഗനിര്ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: മൂന്നാം ഘട്ട തുറക്കലിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചു മുതല്‍ ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയിന്‍മെന്റ്‌ സോണുകളില്‍ ഇവ തുറക്കില്ല. 

65 വയസിന് മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗ സെന്ററുകളും ഉപയോഗിക്കരുത്. ഇത്തരക്കാര്‍ തുറസ്സായ സ്ഥലങ്ങള്‍ ഉപയോഗിക്കണം.

കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങള്‍ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്യണം. ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. തിരക്ക് ഒഴിവാക്കല്‍, ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവക്കാണ് ഇടവേളയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആളുകള്‍ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്‌ക്‌ ധരിക്കല്‍ നിര്‍ബന്ധമാണ്. വ്യായാമം ചെയ്യുന്ന ഘട്ടത്തില്‍ മാസ്‌ക് ധരിക്കുമ്പോള്‍ ശ്വസന പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത് തടയാന്‍ ‘വൈസര്‍’ ഉപയോഗിക്കാമെന്നും പറയുന്നു. 

കൈ കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം.’ ശ്വസന മര്യാദകളും കര്‍ശനമായി പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണി കൊണ്ടോ ടിഷ്യൂ കൊണ്ടോ വായയും മൂക്കും മൂടുക. ഉപയോഗിച്ച ടിഷ്യൂ ശരിയായി നീക്കം ചെയ്യുക. ഫിറ്റ്‌നെസ് സെന്ററുകളിലെ ഉപകരണങ്ങള്‍ ആറടി അകലങ്ങളിലായിരിക്കണം സ്ഥാപിച്ചിരിക്കേണ്ടത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൃത്യസമയങ്ങളില്‍ അണുവിമുക്ത പ്രക്രിയകള്‍ നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 

രോഗലക്ഷണങ്ങളില്ലാത്ത ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ, താപ പരിശോധന നടത്തണം. വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യ സേതു ആപ്പ്‌ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു.

Share via
Copy link
Powered by Social Snap