രണ്ടാനച്ഛന് കത്തികൊണ്ട് ദേഹമാസകലം വരഞ്ഞു; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട ∙ കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയിൽ ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരിക്കു ദാരുണാന്ത്യം. കുട്ടിയുടെ രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്. 

മദ്യപിച്ചു ലക്കുകെട്ട നിലയിൽ 23 വയസ്സുള്ള രണ്ടാനച്ഛനെ കുമ്പഴ കളീക്കൽപടിക്കു സമീപത്തെ വാടക വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ചതിനാൽ ഇനിയും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇയാൾക്ക് ബോധം തെളിയാതെ സംഭവിച്ചത് എന്തെന്നു വ്യക്തമാകില്ലെന്നാണ് പൊലീസ് പറയുന്നത്. 

യുവതിയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു മക്കളിൽ മൂത്ത കുട്ടിയാണ് മരിച്ചത്. ഇളയ കുട്ടി തമിഴ്നാട്ടിലാണ്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ മൈലപ്രയിലെ ഒരു വീട്ടിൽ ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. കാര്യം അന്വേഷിച്ചപ്പോൾ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മയെയും മർദിച്ചു. അമ്മ പെൺകുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

പെൺകുട്ടിയുടെ അമ്മയുടെ മാതാവ് ഇവർക്കൊപ്പമായിരുന്നു താമസം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇവർ തമിഴ്നാട്ടിലേക്ക് പോയത്. ഇതേത്തുടർന്നാണ്, രണ്ടാനച്ഛനൊപ്പം പെൺകുട്ടിയെ തനിച്ചാക്കി അമ്മയ്ക്കു ജോലിക്കു പോകേണ്ടിവന്നത്. 

മൃതദേഹം പരിശോധിച്ചപ്പോൾ പഴയ മർദനപ്പാടുകളും കണ്ടെത്തി. പുറത്തും നെഞ്ചത്തുമാണ് പാടുകൾ. പീഡനം നടന്നതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജോലിക്കു പോകാതെ മദ്യപിച്ചു വീട്ടിൽ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തു. കസ്റ്റഡിയിൽ നിന്ന് ഇയാൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി.

Share via
Copy link
Powered by Social Snap