രമേശ് ചെന്നിത്തലക്കെതിരെ അപവാദ പ്രചാരണം: കെഎസ്ഇബി മുന് ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച കെഎസ്ഇബി മുന്‍ ജീവനക്കാരനെതിരെ കേസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീഹര്‍ഷനെതിരെയാണ് പൊലീസ് കേസെടുത്തത്. ചെന്നിത്തലക്കെതിരെ വാട്‌സ് ആപ്പില്‍ അപവാദ പ്രചാരണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഓഫിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി.

അതേസമയം സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയില്‍ രമേശ് ചെന്നിത്തലക്കെതിരെയും കേസെടുത്തു. കരിമണല്‍ ഖനനം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സാമൂഹിക അകലം പാലിക്കാതെ സന്ദര്‍ശനം  നടത്തിയതിനാണ് അമ്പലപ്പുഴ പൊലീസ് ചെന്നിത്തലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷ നേതാവടക്കം 20ഓളം പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച രാവിലെ 11.15നാണ് ചെന്നിത്തല റിലേ സമരം നടക്കുന്ന പന്തലിലെത്തിയത്. ഡിസിസി പ്രസിഡന്റ് എം ലിജു, ജനറല്‍ സെക്രട്ടറി എഎ ഷൂക്കൂര്‍, മുന്‍ എംഎല്‍എ അഡ്വ. ബി ബാബുപ്രസാദ് എന്നിവരും സമരപ്പന്തലിലെത്തിയിരുന്നു.