രാം ജേഠ്മലാനി വാദിച്ച പത്ത് കുപ്രസിദ്ധ കേസുകൾ

തന്റെ തൊണ്ണൂറ്റി ആറാമത്തെ ജന്മദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സുപ്രീം കോടതിയിലെ  അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും ഒക്കെയായിരുന്ന രാം ജേഠ്‌മലാനി അന്തരിച്ചു. ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സിഖാപൂരിൽ സെപ്റ്റംബർ 14 -നായിരുന്നു രാം ജേഠ്‌മലാനിയുടെ ജനനം. സുപ്രീം കോടതിയിൽ സിറ്റിങ്ങൊന്നിന് ലക്ഷങ്ങൾ ഫീസ് വാങ്ങിക്കൊണ്ടിരുന്ന ഒരു ഹൈ പ്രൊഫൈൽ അഭിഭാഷകനായിരുന്നു അദ്ദേഹം. 1996 -ലെ അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പുകൾ  മന്ത്രിയായിരുന്നു അദ്ദേഹം.

മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന, ശിക്ഷ ഉറപ്പായ പല ഓപ്പൺ ആൻഡ് ഷട്ട് കേസുകളും അദ്ദേഹം ഏറ്റെടുക്കുമായിരുന്നു. മിക്കവാറും കൊടുംകുറ്റവാളികളുടെ പക്ഷത്താണ് അദ്ദേഹം അഭിഭാഷകന്റെ വേഷത്തിൽ ഉണ്ടായിരുന്നത്. എഴുപതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിഭാഷക ജീവിതത്തിൽ   രാം ജേഠ്‌മലാനി വാദിച്ച ചരിത്ര പ്രസിദ്ധമായ  കേസുകളെപ്പറ്റിയാണ് ഇനി.

1. ഇന്ദിരാഗാന്ധി വധക്കേസ്‌: സ്വന്തം ബോഡിഗാർഡുകളായ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ചേർന്ന്  വെടിവെച്ചുകൊന്നു. ബിയാന്ത് സിംഗിനെ സംഭവസ്ഥലത്തുവെച്ചുതന്നെ സുരക്ഷാസേന വെടിവെച്ചു കൊന്നു. സത്വന്ത് സിങ്ങും അനുയായി കേഹർ സിങ്ങും വിചാരണ ചെയ്യപ്പെട്ടു. ഈ ട്രയലിൽ ഇരു കുറ്റവാളികൾക്കും വേണ്ടി സുപ്രീം കോടതിയിൽ വാദിക്കാനെത്തിയത് രാം ജേഠ്‌മലാനിയായിരുന്നു. അവരുടെ വധശിക്ഷ ഒരിക്കൽ സ്റ്റേ ചെയ്യിക്കാൻ അദ്ദേഹത്തിനായി എങ്കിലും അവർ കഴുമരത്തിലേറുന്നതിനെ തടഞ്ഞു നിർത്താൻ രാം ജേഠ്‌മലാനിക്കായില്ല.

2. രാജീവ് ഗാന്ധി വധക്കേസിന്റെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ശ്രീഹരനുവേണ്ടി കോടതിയിൽ എത്തിയതും രാം ജേഠ്‌മലാനിയായിരുന്നു.

3. 1992-ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരിതട്ടിപ്പ് നടത്തിയ ഹർഷദ് മെഹ്ത്തയുടെ വക്കാലത്തും ഏറ്റെടുത്ത് സുപ്രീം കോടതിയിലെ കേസുനടത്തിയത് രാം ജേഠ്‌മലാനിയായിരുന്നു. കൈ നിറയെ കാശുണ്ടായിരുന്ന മെഹ്ത റിസ്കെടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് രാം ജേഠ്‌മലാനിക്കൊപ്പം അന്നത്തെ ഏറ്റവും മികച്ച മറ്റുപല സുപ്രീം കോടതി അഭിഭാഷകരും അറസ്റ്റു ചെയ്യപ്പെട്ടു.

4. ജസീക്കാ ലാൽ വധക്കേസ്: 1999-ൽ ഒരു സ്വകാര്യ പാർട്ടിയിൽ വെച്ച് ബാർ സമയം കഴിഞ്ഞതിന്റെ പേരിൽ മദ്യം വിളമ്പാൻ മടികാണിച്ച ജസീക്കാ ലാലിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി മനു ശർമ്മയ്ക്ക് വേണ്ടിയും രാം ജേഠ്‌മലാനി വാദിക്കാനെത്തി. പത്തു വർഷത്തെ വാദത്തിനൊടുവിൽ ശർമയ്ക്ക് കഴുമരത്തിൽ നിന്നും രക്ഷപ്പെടാനായി.

5. 2 ജി സ്പെക്രം അഴിമതിക്കേസിൽ കനിമൊഴിയും വക്കീലായി തെരഞ്ഞെടുത്തത് രാം ജേഠ്‌മലാനിയെത്തന്നെ. കേസിൽ അവർക്ക് ജാമ്യം നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.

6.  ആസാറാം ബാപ്പു എന്ന ആൾ ദൈവത്തിനെതിരെ ആരോപിക്കപ്പെട്ട ബലാത്സംഗ, കൊലപാതകക്കേസുകളിൽ പ്രതിഭാഗത്തെ സുപ്രീം കോടതിയിൽ പ്രതിനിധീകരിച്ചിരുന്നത് രാം ജേഠ്‌മലാനിയാണ്.

7. ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരിൽ കേസുവന്നപ്പോൾ അവരും വിശ്വസ്തനായ അഭിഭാഷകനായി കണ്ടത് രാം ജേഠ്‌മലാനിയെത്തന്നെ.

8. സൊഹ്റാബുദ്ദീൻ കേസ് അടക്കമുള്ള പല വ്യാജ ഏറ്റുമുട്ടൽ കേസുകളിലും അമിത് ഷായെ രക്ഷിച്ചു നിർത്തിയത് രാം ജേഠ്‌മലാനിയും സംഘവും നടത്തിയ വാദങ്ങളാണ്.

9. എൽ കെ അദ്വാനി പ്രതിയായ ഹവാലാ കുംഭകോണത്തിൽ അദ്ദേഹത്തിന്റെ വക്കാലത്തേറ്റെടുത്തത്  രാം ജേഠ്‌മലാനിയായിരുന്നു. ഈ കേസിൽ അദ്വാനി ജയിച്ചത് രാം ജേഠ്‌മലാനിയുടെ വാദമുഖങ്ങളുടെ ബലത്തിലായിരുന്നു.

10. ബി എസ്‌ യെദിയൂരപ്പയ്ക്ക് നേരെ ഖനനകുംഭകോണം ഉയർന്നുവന്നപ്പോൾ അവിടെയും രക്ഷകനായി അവതരിച്ചത് സാക്ഷാൽ രാം ജേഠ്‌മലാനി തന്നെയായിരുന്നു.

ചുരുക്കത്തിൽ, കേരളത്തിലെ താരാവക്കീലായിരുന്ന മള്ളൂർ ഗോവിന്ദപ്പിള്ളയുടെ ഒരു പരിവേഷമായിരുന്നു സുപ്രീം കോടതിയിൽ രാം ജേഠ്‌മലാനിക്ക്. പണ്ട്, ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം എന്ന്  പറഞ്ഞിരുന്ന പോലെ, പല പ്രമത്തരായ കുറ്റവാളികളുടെയും മുൻ‌കൂർ ജാമ്യം തന്നെയായിരുന്നു ഒരു കാലത്ത് രാം ജേഠ്‌മലാനി എന്ന പ്രസിദ്ധനായ സുപ്രീം കോടതി അഭിഭാഷകൻ. 

Leave a Reply

Your email address will not be published.