റാഗിംങ്; മംഗളൂരുവില് 11 മലയാളി വിദ്യാര്ഥികള് അറസ്റ്റില്

ജൂനിയർ വിദ്യാർഥികളെ റാഗിങ്ങിന് വിധേയരാക്കിയ 11 മലയാളി വിദ്യാർഥികളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു കണച്ചൂർ മെഡിക്കൽ സയൻസസിലെ അഞ്ച് മലയാളി വിദ്യാർഥികളാണ് റാഗിംങ്ങിന് ഇരയായത്. കഴിഞ്ഞ കുറച്ചു നാളുകളായി റാഗിങ്ങിന് ഇരയാകുന്നു എന്നാണ് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിന് നൽകിയ പരാതി. മുടി മുറിക്കാനും മീശ വടിക്കാൻ ആവശ്യപ്പെട്ടു, തീപ്പെട്ടി കൊള്ളി കൊണ്ട് മുറിയുടെ അളവ് എടുപ്പിച്ചു. ഇവ അനുസരിക്കാതിരുന്നവരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് പരാതിയിലുണ്ട്.

വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കോളജ് അധികൃതർ പൊലീസിന് അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പൊലീസ് ഇരയായ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 18 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ റാഗിങ്ങിൽ പങ്കെടുത്തു എന്ന് വ്യക്തമായ 11 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട്, പത്തനംതിട്ട ജില്ലക്കാരായ ബി.എസ്.സി. നഴ്സിംഗ്, ഫിസിയോതെറാപ്പി വിദ്യാർഥികളാണ് അറസ്റ്റിലായ എല്ലാവരും. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർഥികൾ പഠിക്കുന്ന മംഗളൂരുവിൽ റിംഗിങ്ങ് കേസുകൾ വർദ്ധിക്കുന്നത് ഗൗരവത്തോടെ കാണുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.

ദേഹോപദ്രവം ഏൽപ്പിച്ചു, സംഘം ചേർന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കർണാടക വിദ്യാഭ്യാസ നിയമ പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്ന മംഗളൂരുവിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാകുന്നത്.

Share via
Copy link
Powered by Social Snap