റൂട്ട്മാപ്പ് അടക്കമുള്ള നാല് സിനിമകളിൽ നിന്ന് പിൻമാറുന്നു; തിരക്കഥാകൃത്ത് അരുണ് കായംകുളം

റൂട്ട്മാപ്പ് എന്ന സിനിമയില്‍ നിന്നും പിന്‍മാറുന്നു എന്ന തിരക്കഥകൃത്തിന്‍റെ  ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വളരെ പേഴ്സണലായ കാര്യം നിങ്ങളെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ് ഇടുന്നത് എന്നു തുടങ്ങുന്ന പോസ്റ്റ് താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം പിന്മാറുന്നു എന്നറിയിച്ചിരിക്കുകയാണ് തിരക്കഥകൃത്തായ അരുണ്‍ കായംകുളം. തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ‌

ഫെയ്സ്ബുക്ക് കുറിപ്പ്

“ വളരെ പേഴ്സണലായ കാര്യമാണ്, എന്നാല്‍ അത് നിങ്ങളെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ട് മാത്രമാണ്‌ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തെ സിനിമാ മോഹവുമായി ഉള്ള അലച്ചിലിനു ഇടയില്‍ പല സ്ക്രിപ്റ്റ് ഡിസ്ക്കഷന്‍റെയും ഭാഗമായിട്ടുണ്ട്.അതിന്‍റെ ഫലമായി 2020 ഡിസംബര്‍ 31 വരെ ഉള്ള കാലഘട്ടത്തില്‍ ഇതേ സോഷ്യല്‍ മീഡയിലൂടെ എന്‍റെ പ്രിയ സുഹൃത്തുക്കളായ സംവിധായകര്‍ ഏതാനും സിനിമകള്‍ അനൌണ്‍സ്സ് ചെയ്തിട്ടുമുണ്ട്.ചിലര്‍ക്ക് ഒക്കെ അത് ഓര്‍മ്മ കാണാം, മറ്റ് ചിലര്‍ക്ക് അറിയില്ലായിരിക്കാം.

പ്രധാനമായിട്ടും നാല്‌ സിനിമള്‍ ആയിരുന്നു അനൌണ്‍സ്സ് ചെയ്തത്.

1. കാഞ്ചനമാല കാത്തിരിക്കുന്നു (സംവിധാനം : സൂരജ് സുകുമാര്‍ നായര്‍)
2. പ്രളയകാലത്തെ പ്രണയകഥ (സംവിധാനം : സുജിത്ത് എസ് നായര്‍)
3. ബി നിലവറയും ഷാര്‍ജാ പള്ളിയും (സംവിധാനം : സൂരജ് സുകുമാര്‍ നായര്‍)
4. റൂട്ട് മാപ്പ് (സംവിധാനം : സൂരജ് സുകുമാര്‍ നായര്‍)

ആ സമയത്ത് ഇതൊക്കെ ഞങ്ങളുടെ സ്വപ്നങ്ങള്‍ ആയിരുന്നു, അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നത്ര നന്നായി ഇതിനായി ഞങ്ങള്‍ ശ്രമിച്ചിട്ടും ഉണ്ടായിരുന്നു.

എന്നാല്‍ പ്രളയം, കൊറോണ തുടങ്ങി ഒരോരോ കാലഘട്ടത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ കാരണം, റൂട്ട്മാപ്പ് ഒഴികെ ഉള്ള സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നീണ്ടു. അതോടൊപ്പം അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഓരോ കാലഘട്ടത്തിനു അനുസരിച്ച് ഉള്ള മാറ്റങ്ങള്‍ കഥയിലും തിരക്കഥയിലും ആവശ്യം ആയതിനാല്‍ അതിനുള്ള തിരുത്തലുകളും നടത്തികൊണ്ടിരിക്കുന്നു.എന്നാല്‍ എന്റെ  ചില വ്യക്തിപരമായ കാരണങ്ങളാലും തിരക്കുകളാലും ആ തിരുത്തലുകളിലും തിരക്കഥാ രചനയിലും എനിക്ക് പങ്കാളി ആകാന്‍ കഴിഞ്ഞില്ല.അതിനാല്‍ മേല്‍ സൂചിപ്പിച്ച കാഞ്ചനമാല കാത്തിരിക്കുന്നു, പ്രളയകാലത്തെ പ്രണയകഥ, എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന സ്ഥാനം ഞാന്‍ ഒഴിയുകയാണ്. 

അതേ സമയം തന്നെ, ബി നിലവറയും ഷാര്‍ജാ പള്ളിയും  എന്ന സിനിമ, അതിന്റെ കഥാകൃത്തും സംവിധായകനുമായ സൂരജ് തന്നെ ആദ്യം മുതല്‍ തിരക്കഥയെഴുതി തുടങ്ങുകയും ചെയ്തു. അതിനാൽ ഞാൻ ഇന്ന് മുതല്‍ ബി നിലവറയും ഷാര്‍ജാ പള്ളിയും എന്ന സിനിമയുടെ ഭാഗത്തുമില്ല.ആ സിനിമയുടെയും തിരക്കഥാകൃത്ത് എന്ന സ്ഥാനവും ഞാന്‍ ഒഴിയുകയാണ്.

പിന്നെ ഉള്ളത് റൂട്ട് മാപ്പ് എന്ന സിനിമയാണ്, അതിന്‍റെ ഡബ്ബിംഗ് വേര്‍ഷന്‍ കണ്ട ഒരു വ്യക്തി എന്ന നിലയില്‍, ആ സിനിമയെ അതി ഗംഭീരം എന്ന് പറയാന്‍ പറ്റില്ലെങ്കിലും, അണിയറ പ്രവര്‍ത്തകരില്‍ പലരുടെയും പുതിയ സിനിമ എന്ന നിലയിലും പരിമിതമായ സാഹചര്യങ്ങളിലെ മേക്കിംഗ് എന്ന രീതിയിലും നോക്കുമ്പോ മനോഹരമായ സിനിമ എന്ന് നിസംശയം പറയാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ വെറും മൂന്ന് ദിവസം അതിന്‍റെ സ്ക്രിപ്റ്റിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ ഇരുന്നു എന്നല്ലാതെ, ഇപ്പോ ഇറങ്ങാന്‍ പോകുന്ന സിനിമയോട് നീതി പുലര്‍ത്തുന്ന രീതിയില്‍ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന പേര്‌ വയ്ക്കാന്‍ ഞാന്‍ അര്‍ഹനല്ല. ഇത് സ്വയം മനസിലാക്കിയ വ്യക്തിയാണ്‌ ഞാന്‍.അത് കൊണ്ട്, റൂട്ട് മാപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന സ്ഥാനവും ഞാന്‍ ഒഴിയുകയാണ്.

ഇതിനു അര്‍ത്ഥം സിനിമാ മോഹം ഞാന്‍ ഉപേക്ഷിച്ചു എന്നോ, മുകളില്‍ സൂചിപ്പിച്ച സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായി എന്നോ അല്ല.എന്‍റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ മൂലം, 2020 ഡിസംബര്‍ 31 വരെ ഉള്ള എല്ലാ സിനിമാ പ്രവര്‍ത്തികളില്‍ നിന്നും പിന്‍മാറേണ്ടി വന്നു എന്ന് മാത്രം.അതിനാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച, കാഞ്ചനമാല കാത്തിരിക്കുന്നു, പ്രളയകാലത്തെ പ്രണയകഥ, ബി നിലവറയും ഷാര്‍ജാ പള്ളിയും, റൂട്ട് മാപ്പ് എന്നീ  നാല്‌ സിനിമകളുടെയും തിരക്കഥയുമായി ഇന്ന് മുതല്‍ എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.
കരിമുട്ടത്തമ്മ അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും

Share via
Copy link
Powered by Social Snap