റൗഡികളുടെ അഴിഞ്ഞാട്ടം; അടിപിടിക്കിടെ നിലത്തു വീണയാളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമം


ആലുവ∙ ചെറിയ ഇടവേളയ്ക്കു ശേഷം റെയിൽവേ സ്റ്റേഷൻ സ്ക്വയർ വീണ്ടും റൗഡികളുടെ പിടിയിൽ. ലോക്ഡൗണിനു ശേഷം ട്രെയിൻ, ബസ് ഗതാഗതം പുനരാരംഭിച്ചതോടെ പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും അതിഥിത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സാമൂഹികവിരുദ്ധരും സജീവമായി. പൊലീസ് ഇവരെ പിടികൂടുന്നില്ല. നേരത്തെ ഇവിടെ നിന്നു കസ്റ്റഡിയിലെടുത്ത 3 പേർ ലോക്കപ്പിൽ മലമൂത്ര വിസർജനം നടത്തിയതാണു കാരണം. ഇൻസ്പെക്ടർ അടക്കമുള്ളവരെ ആക്രമിക്കാൻ മുതിരുകയും ചെയ്തു. അഗ്നിരക്ഷാസേന എത്തി വെള്ളം പമ്പ് ചെയ്താണ് അന്നു സ്റ്റേഷൻ വൃത്തിയാക്കിയത്.

കഴിഞ്ഞ ബുധനാഴ്ച റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കള്ളുഷാപ്പിനു സമീപം സാമൂഹികവിരുദ്ധർ ഏറ്റുമുട്ടി. അടിപിടിക്കിടെ നിലത്തു വീണയാളെ തലയിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും പൊലീസ് പ്രതിയെ പിടിച്ചില്ലെന്നു പറയുന്നു. വ്യാപാരികൾ അറിയിച്ചതനുസരിച്ചാണു പൊലീസ് എത്തിയത്. ചവിട്ടേറ്റയാൾ അപ്പോൾ അബോധാവസ്ഥയിലായിരുന്നു. അയാളുടെ പോക്കറ്റിലെ മൊബൈൽ ഫോണിൽ നിന്നു ഭാര്യയെ വിളിച്ച് ആളെ എടുത്തുകൊണ്ടു പോകാൻ നിർദേശിച്ച ശേഷം പൊലീസ് മടങ്ങി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്. പ്രതികളെയും കാണാം. എന്നിട്ടും നടപടി ഉണ്ടായില്ലെന്നാണു പരാതി. റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി സ്റ്റാൻഡും റോഡിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാരുടെ തിരക്കൊഴിയാത്ത സ്ഥലമാണിത്. പട്ടാപ്പകലും അക്രമികളെ പേടിച്ചേ ഇപ്പോൾ ഇതിലെ സഞ്ചരിക്കാനാവൂ. ഒട്ടേറെപ്പേർ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായി. പൊലീസ് ശക്തമായ നടപടി എടുത്തില്ലെങ്കിൽ ക്രമസമാധാനം കൈവിട്ടുപോകും.
