ലൊക്കേഷനുകളിൽ മദ്യം-മയക്കുമരുന്ന് ഉപയോഗം: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. സിനിമയിൽ അവസരം ലഭിക്കാനായി നടിമാർ കിടപ്പറ പങ്കിടാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. റിപ്പോർട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമർപ്പിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവർക്ക് വിലക്കേർപ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ ലൊക്കേഷനുകളിൽ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാൻ ട്രൈബ്യൂണൽ വേണമെന്നും, കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് മാറ്റിനിർത്താനുള്ള അധികാരം ട്രൈബൂണലിന് നല്കണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മിഷനെ സർക്കാർ നിയമിച്ചത്. കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണം ഉണ്ടായ ശേഷമായിരുന്നു സംസ്ഥാന സർക്കാർ കമ്മിഷനെ വച്ചത്. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. ജസ്റ്റിസ് ഹേമക്ക് പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.