ലോറി തോട്ടിലേക്ക് മറിഞ്ഞു: പത്ത് പോത്തുകൾ ചത്തു

സുൽത്താൻബത്തേരി: മലവയൽ മഞ്ഞാടിയിലെ ബ്രഹ്മഗിരി മാംസസംസ്‌കരണ ഫാക്ടറിയിലേക്ക് പോത്തുകളുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ പത്ത് പോത്തുകൾ ചത്തു. പരിക്കേറ്റ ലോറിഡ്രൈവർ രാജുവിനെ ബത്തേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എഴുമണിയോടെ ഫാക്ടറിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ആന്ധ്രയിൽനിന്ന്‌ ഉരുക്കളുമായെത്തിയ ലോറി, പാതയോരത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ 25 പോത്തുകളാണ് ഉണ്ടായിരുന്നത്. നാട്ടുകാരും ഫാക്ടറിയിലെ ജീവനക്കാരും ചേർന്നാണ് പോത്തുകളെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ഫാക്ടറിയിലേക്ക് പോത്തുകളുമായി എത്തിയ ലോറി ഇവിടെ മറിഞ്ഞിരുന്നു. അന്നത്തെ അപകടത്തിൽ 12 പോത്തുകൾ ചത്തിരുന്നു.

Leave a Reply

Your email address will not be published.