‘വണ്ടി ചോർ അലി’ പിടിയില്; വെളിയില് വന്നത് നാല്പ്പതോളം ആഢംബര കാര് മോഷണങ്ങള്

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങൾ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വില്പന നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. തൊട്ടിൽ പാലം കാവിലുംപാറ കാര്യാട്ട്  മുഹമ്മദാലി(വണ്ടി ചോർ അലി – 48) യെയാണ്  താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി പൂനൂരിൽ നിന്നും വിവാഹ ആവശ്യത്തിന് രണ്ട് ദിവസത്തേക്കെന്നു പറഞ്ഞ് കൈക്കലാക്കിയ ഹുണ്ടായ് 120 കാർ മറിച്ച് വില്പന നടത്തിയ കേസിലാണ് മുഹമ്മദാലിയെ കാർ സഹിതം പിടികൂടിയത്.  

ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ നാൽപ്പതിലധികം വാഹനങ്ങൾ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ്.  പ്രതിയെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതിക്കാർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. തൊട്ടിൽപാലത്ത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ പ്രതി  മാസങ്ങളായി തൊട്ടിൽപാലത്തും പരിസര പ്രദേശങ്ങളിലും കർണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു. ഇയാൾക്ക് ഒളിച്ച് താമസിക്കാനും സൗകര്യം ചെയ്തവരേയും തട്ടിപ്പ് കൂട്ടാളികളേയും പോലീസ് നിരീക്ഷിച്ച് വരികയാണ്. 

പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതിയും കൂട്ടാളികളും ചേർന്ന് കൈക്കലാക്കിയ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്കും കടത്തികൊണ്ടു പോയിട്ടുള്ളതായി സംശയിക്കുന്നു. ഇത്തരത്തിലുള്ള നിരവധി വാഹനതട്ടിപ്പ് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന പ്രതി പോലീസിന് നൽകിയിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. 

താമരശ്ശേരി ഡി.വൈ.എസ്.പി. ഇ.പി. പ്രിഥ്വിരാജിൻ്റെ നിർദേശപ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ എം.പി. രാജേഷ്, എസ്.ഐമാരായ രാജീവ് ബാബു, ഹരീഷ്, വി.കെ.സുരേഷ്, അനിൽകുമാർ , എ.എസ്.ഐ. ഷിബിൽ ജോസഫ്, സി.പി.ഒ. മണിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share via
Copy link
Powered by Social Snap