വലിയ ലക്ഷ്യവുമായി നിസാന്; ഒരു മാസം നിരത്തിലെത്തുന്നത് മാഗ്നൈറ്റിന്റെ 2000 യൂണിറ്റ്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന സബ് കോംപാക്ട് എസ്‌യുവിയാണ് മാഗ്‌നൈറ്റ്. അടുത്തിടെ കണ്‍സെപ്റ്റ് അവതരിപ്പിച്ച ഈ വാഹനം വലിയ ലക്ഷ്യവുമായാണ് എത്തുന്നത്. നിലവില്‍ ഏറ്റവും അധികം ഡിമാന്റുള്ള ശ്രേണിയിലേക്ക് എത്തുന്ന മാഗ്‌നൈറ്റ് ഇന്ത്യയില്‍ പ്രതിമാസം 1500 മുതല്‍ 2000 യൂണിറ്റ് വരെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. 

ജൂലൈ 16-നാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് നിസാന്‍ വെളിപ്പെടുത്തിയത്. 2021-ന്റെ തുടക്കത്തോടെ മാഗ്‌നൈറ്റ് നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, നിസാന് വേരോട്ടമുള്ള വിദേശ നിരത്തുകളിലേക്കുമുള്ള മാഗ്‌നൈറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. കണ്‍സെപ്റ്റ് മോഡല്‍ അനുസരിച്ച് നിസാന്‍ കിക്‌സുമായി സാമ്യമുള്ള ഡിസൈനാണ് മാഗ്‌നൈറ്റിലുമുള്ളത്. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ക്രോമിയം സ്റ്റഡുകള്‍ പതിച്ച ഗ്രില്ല്, എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. 

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള അലോയി വീല്‍ എന്നിവ കണ്‍സെപ്റ്റ് മോഡലിന്റെ വശങ്ങള്‍ക്ക് അഴകേകുന്നു. ബോഡിയിലും ഹാച്ച്‌ഡോറിലുമായുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ പ്ലാസിറ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള റിയര്‍ ബംമ്പറും പിന്‍ഭാഗത്തെ സ്‌പോട്ടിയാക്കുന്നു.റെനോ ട്രൈബറിന് കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും മാഗ്‌നൈറ്റിന്റെയും ഹൃദയം. ഇത് 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകും. അതേസമയം, മാഗ്‌നൈറ്റിലെ ഉയര്‍ന്ന വേരിയന്റില്‍ 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും.

Share via
Copy link
Powered by Social Snap