വളരെ വേദനയോടെയും വിഷമത്തോടെയും ആണ് ഈ പോസ്റ്റ് നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. ലിബർട്ടി ബഷീർ

വളരെ വേദനയോടെയും വിഷമത്തോടെയും ആണ് ഈ പോസ്റ്റ് നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.. എന്തെന്നാൽ കൊറോണ എന്ന മഹാവ്യാധി കേരളത്തിലെ തിയറ്ററുകളെ ഒരു സംഘടന ബാൻ ചെയ്യുന്നത് പോലെ ക്ലോസ് ചെയ്തതിട്ട് അറുപത് ദിവസം കടന്നിരിക്കുകയാണല്ലോ? ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴമൊഴി പോലെയാണ് ആമസോൺ പോലുള്ള ഡിജിറ്റൽ മീഡിയായിൽ വിജയ് ബാബുവിനെ പോലെയുള്ള സാമ്പത്തിക ഭദ്രതയുള്ള നിർമ്മാതാവ് തന്റെ ചിത്രം കൊടുക്കുവാനുള്ള വാർത്ത തിയേറ്ററുടമകൾ കേട്ടത്.ഈ വിഷയത്തെ പറ്റി എന്റെ വ്യക്തിപരമായ അഭിപ്രായം ഇത്രമാത്രമാണ്.. അദ്ദേഹത്തിന്റെ തീരുമാനം അദേഹത്തിന്റെ സ്വാതന്ത്ര്യമാണ്..പക്ഷെ അതിന് തിരഞ്ഞെടുത്ത സമയവും, സന്ദർഭവും ശരിയായില്ല എന്ന് മാത്രം.. ഇന്നലെ വരെ തിയേറ്ററുകളിൽ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കിട്ടിയ ഒരു നിർമ്മാതാവാണ് അദ്ദേഹം.. ഇങ്ങനെ ഒരു വിഷമ സമയത്ത് അദേഹത്തെ പോലെയുള്ള ഒരാളുടെ കൈത്താങ്ങിന് പകരം ഞങ്ങളെ ആകുലതയിലാക്കുന്ന തീരുമാനത്തിന്റെ തുടക്കക്കാരനായ് കക്ഷി മാറുന്നതിൽ കടുത്ത അമർഷം ഞങ്ങൾക്ക് ഉണ്ട്.. കൂടാതെ ഒരേ നാണയത്തിന്റെ ഞങ്ങളടെ മറുവശമായ നിർമ്മാതാക്കളും ,വിതരണക്കാരും അതിന് പിന്തുണ പറയുന്നതും വിചിത്രമായ് ഞങ്ങൾക്ക് തോന്നുന്നു. എന്തെന്നാൽ തിയേറ്ററുകൾ ഇല്ലെങ്കിൽ നിർമ്മാതാവിനും ,വിതരണക്കാർക്കും എന്ത് പ്രസക്തി? എന്ത് അസോസിയേഷനുകൾ? എന്ത് വരുമാന മാർഗങ്ങൾ? ഇരുന്ന കൊമ്പ് മുറിയ്ക്കണോ എന്ന് നിങ്ങൾ കൂടി ആദ്യം ആലോചിക്കുക. ഒരു കാലഘട്ടത്തിൽ ഷൂട്ടിംങ് സമയത്ത് സാറ്റലൈറ്റ് ചാടി എടക്കുന്ന ചാനലുകൾ വരെ ഇന്ന് തിയേറ്ററുകളിൽ വിജയിക്കുന്ന ചിത്രങ്ങൾ മാത്രമെ എടുക്കുന്നു എന്ന നഗ്ന സത്യം തിരിച്ചറിയുക.. കൽക്കി പോലുള്ള തിയേറ്ററിൽ സൂപ്പർ ഹിറ്റായ ടൊവിനോ ചിത്രം പോലും ഇത്തരം ഡിജിറ്റൽ മീഡിയാക്കാർ എടുക്കാത്തത് എന്ത് കൊണ്ടാണെന്നും പഠിക്കുക. കൂടാതെ ഇത്തരം മീഡിയാകളിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രം ഒരിക്കലും ജനകീയമായോ,ഹിറ്റായോ എന്ന് മനസ്സിലാക്കാനോ നമുക്ക് കഴിയില്ല. ഒരു താരമോ ,സംവിധായകനോ, ടെക്നീഷ്യനോ ഇത്തരം മീഡിയാ ക ളിൽ റിലീസ് ചെയ്താൽ നാളെ ഉദയം ചെയ്യുകയും ഇല്ല.അവർ താരങ്ങളും. സൂപ്പർ സ്റ്റാറുകളും ആവുന്നത് തിയേറ്റർ എന്ന ജനകീയ പ്രസ്ഥാനത്തിലൂടെ മാത്രമാണ് എന്നത് അടിവരയിട്ട സത്യമാണ്.
ഇനി തിയേറ്ററുകരുടെ കുഴപ്പം പറയാം.. കോടിക്കണക്കിന് രൂപാ നിർമ്മാതാക്കൾക്ക് ബാധ്യതയുള്ള ആൾക്കാർ നമ്മുടെ ഇടയിലുണ്ട്.. അതിന് യാതൊരു ദാക്ഷിണ്യവുമില്ലാതെ അവരുടെ ബാധ്യത ലിസ്റ്റ് ഉണ്ടാക്കി കർശനമായി പിരിച്ചെടുക്കണമെന്നും ഞങ്ങൾ പറയുന്നു.
അതുപോലെ തിരിച്ച് തിയേറ്റക്കാർക്ക് ലക്ഷങ്ങൾ കൊടുക്കുവാനുള്ള നിർമ്മാതാക്കളുടെ കാര്യത്തിൽ ഇതേ നിലപാട് നിങ്ങളും സ്വീകരിക്കുക. അതിന് എന്ത് സഹായവും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും, സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്നും പറഞ്ഞ് കൊള്ളട്ടെ. പണ്ട് ഫെഡറേഷൻ ഉള്ള കാലത്ത് ഇങ്ങനെ ഒരു സാഹചര്യം നിങ്ങൾക്ക് ഉണ്ടായിട്ടില്ല എന്നതും ഈ സന്ദർഭത്തിൽ ഓർമ്മിപ്പിച്ച് കൊള്ളട്ടെ.. ആയതിനാൽ വീണ്ടും വീണ്ടും നിങ്ങളോട് അപേക്ഷിക്കുന്നു ഒരു മേശയ്ക്ക് ചുററ് ഒന്നിച്ചിരുന്ന് നമുക്ക് ചർച്ച ചെയ്ത് പരിഹരിക്കാവുന്ന ഈ കാര്യത്തിന് ധ്യതിയിൽ എടുക്കുന്ന തീരുമാനം കൊണ്ട് നമ്മുടെ സൗഹൃദാന്തരീക്ഷം തകർക്കാൻ ഇടവരും എന്ന് ഓർമ്മിപ്പിച്ച് കൊണ്ട് പരിഹാരമില്ലാത്ത പ്രശ്നമില്ല എന്ന് പറഞ്ഞ് കൊണ്ട് സ്നേഹപൂർവം … ലിബർട്ടി ബഷീർ .