വഴങ്ങാതെ സച്ചിൻ പൈലറ്റ്, രാഹുലിനെ കാണില്ല, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി ഗെലോട്ട്

ജയ്പൂർകോൺഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായി സമവായചർച്ചകൾ നടത്തുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു. സച്ചിൻ പൈലറ്റുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാണ് ഈ പ്രസ്താവന. അതേസമയം, സ്വന്തം പക്ഷത്തെ എംഎൽഎമാരെ എല്ലാവരെയും ഒരു റിസോർട്ടിലേക്ക് മാറ്റി ശക്തിപ്രകടനം നടത്താനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രമിക്കുന്നത്. അതേസമയം, ബിജെപിയുമായി പിന്നാമ്പുറചർച്ചകൾ ഇപ്പോഴും സച്ചിൻ പൈലറ്റ് നടത്തുന്നുവെന്നാണ് സൂചന. 

ഇന്ന് രാവിലെ മാധ്യമപ്രവർത്തകരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് സ്വന്തം പക്ഷത്തെ എംഎൽഎമാരുടെ എണ്ണമെടുത്ത് കാണിച്ചുകൊടുക്കുകയായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാർ ഇപ്പോഴും ന്യൂനപക്ഷമല്ലെന്നും, അധികാരം നിലനിർത്താനുള്ള ഭൂരിപക്ഷം ഉണ്ടെന്നും ഗെലോട്ട് അവകാശപ്പെട്ടു. 

എന്നാലിത് നിഷേധിക്കുകയാണ് സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ 107 അംഗ കോൺഗ്രസ് എംഎൽഎമാരിൽ 30 പേരെയും സ്വന്തം പക്ഷത്ത് നിർത്തിക്കൊണ്ടാണ് സർക്കാർ ന്യൂനപക്ഷമായെന്ന് സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചത്. ജയ്പൂരിൽ നിന്ന് ദില്ലിയിലെത്തിയാണ് ഈ പ്രസ്താവന സച്ചിൻ പൈലറ്റ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഏറെക്കാലമായി ദേശീയരാഷ്ട്രീയത്തിലെന്ന പോലെ രാജസ്ഥാനിലെ കോൺഗ്രസിലും നിലനിൽക്കുന്ന ഈ മൂപ്പിളമത്തർക്കത്തിന് ഇപ്പോൾ അവസാനമുണ്ടാകണം എന്നുറപ്പിച്ചാണ് സച്ചിൻ ദില്ലിയിലെത്തിയത്. 

ഇതേത്തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്‍പൂരിൽ നിയമസഭാകക്ഷിയോഗം വിളിച്ച് ചേർത്തു. ഇതിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. തുടർന്ന് പ്രിയങ്കാ ഗാന്ധിയടക്കം പല മുതിർന്ന നേതാക്കളും സച്ചിൻ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിയിൽത്തന്നെ പറഞ്ഞ് തീർക്കണമെന്ന് ആവശ്യപ്പട്ടു. എല്ലാ വാതിലുകളും തുറന്ന് കിടക്കുകയാണെന്ന പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം കൈമാറി.

ദില്ലിയിൽ സമവായചർച്ചകൾ നടക്കുന്നത് പോലെയായിരുന്നില്ല രാജസ്ഥാനിലെ സ്ഥിതിഗതികൾ. ജയ്‍പൂരിൽ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ സച്ചിൻ പൈലറ്റിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമുയർന്നു. അച്ചടക്കം ലംഘിച്ച്, പാർട്ടിയ്ക്കും സർക്കാരിനും എതിരെ പ്രവർത്തനം നടത്തിയ എംഎൽഎയ്ക്ക് എതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ പ്രമേയം പാസ്സാക്കുകയും ചെയ്തു. 

പാർട്ടി നേതൃത്വം എന്തുതന്നെ ആവശ്യപ്പെട്ടാലും, സ്വന്തം ഉപമുഖ്യമന്ത്രിയുമായി യാതൊരുതരത്തിലും സമവായച‍ർച്ചയ്ക്ക് തയ്യാറല്ലെന്ന സന്ദേശമാണ് അശോക് ഗെലോട്ട് നൽകിയത്. കോൺഗ്രസിന് ആകെയുള്ള 107 എംഎൽഎമാരിൽ 100 പേർ തന്നോടൊപ്പം ഉണ്ടെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്. ചാക്കിട്ടുപിടിത്തം ഒഴിവാക്കാൻ ജയ്‍പൂരിന് പുറത്തുള്ള ഒരു ഹോട്ടലിലേക്ക് എല്ലാ എംഎൽഎമാരെയും മാറ്റുകയും ചെയ്തു ഗെലോട്ട്. 

ഇപ്പോഴുള്ള പ്രശ്നത്തിന് ആക്കം കൂട്ടിയതെന്ത്?

2018 ഡിസംബറിൽ രാജസ്ഥാനിൽ അധികാരത്തിലേറിയത് മുതൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം കോൺഗ്രസിന് തലവേദനയായിരുന്നു. ബിജെപി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി ചില അനധികൃത ഇടപാടുകൾ സംസ്ഥാനത്ത് നടത്തുന്നതായി രാജസ്ഥാൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് നോട്ടീസ് ലഭിക്കുന്നതോടെയാണ് ഇപ്പോഴുള്ള തമ്മിലടിക്ക് തുടക്കമാകുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് രാജസ്ഥാനിലെ ആഭ്യന്തരമന്ത്രിയും. പൊലീസയച്ച ഈ നോട്ടീസ് സച്ചിൻ പൈലറ്റിനെ അപമാനിക്കാൻ വേണ്ടിയുള്ളതാണെന്ന് ഉറപ്പായിരുന്നു.

Share via
Copy link
Powered by Social Snap