വസ്ത്ര കയറ്റുമതി ഇരട്ടിയായി വർധിപ്പിക്കണം

കൊച്ചി: വസ്ത്രകയറ്റുമതി ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) നിതിന്‍ ഗഡ്കരി അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിനോട് (എഇപിസി) ആവശ്യപ്പെട്ടു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള വിപണിയില്‍ മത്സരാധിഷ്ഠിതമായി തുടരുന്നതിനുമുള്ള സാങ്കേതിക നവീകരണത്തിനും ഗവേഷണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
വെര്‍ച്വല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎസ്എംഇ മേഖലയുടെ പണലഭ്യത , സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവയ്ക്കായി അടുത്തിടെ പ്രഖ്യാപിച്ച പാക്കെജിലൂടെ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഉത്പന്നങ്ങളുടെ ലാബ് ടെസ്റ്റിങ് ക്യാംപിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച ഗഡ്കരി രൂപകല്‍പ്പനക്കായി ഒരു കേന്ദ്രം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുണി വ്യവസായത്തില്‍ മുള പോലുള്ള വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രാമീണ, ഗോത്ര, പിന്നോക്ക മേഖലകളില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വലിയ തൊഴില്‍ സാധ്യത, പ്രധാന പങ്കാളിത്തം എന്നിവ പരാമര്‍ശിച്ച ഗഡ്കരി വസ്ത്ര- തുണി വ്യവസായങ്ങളോട് ഈ മേഖലകളില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനും അവരുടെ ക്ഷേമത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ സംഭാവന നല്‍കാനും ആവശ്യപ്പെട്ടു. ശില്‍പ്പശാലയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വസ്ത്ര വ്യവസായ പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു.