വാക്കുതർക്കം; അങ്കമാലിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കൊച്ചി: അങ്കമാലി ചമ്പന്നൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പെരുമ്പാവൂർ ആയത്തുപടി  ജോയലാണ് മരിച്ചത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കൽ ഷാജുവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ചമ്പന്നൂരിൽ എഫ്സിഐ ഗോഡൗണിനു സമീപമാണ്  സംഭവം നടന്നത്. 

സുഹൃത്തുക്കളായ ജോയലും ഷാജുവും തമ്മിൽ ഒന്നര മാസം മുമ്പ് വഴക്കുണ്ടായിരുന്നു. ഞായറാഴ്ച പകലും ഉരുവരും തമ്മിൽ സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപത്തുവച്ച് തർക്കം ഉണ്ടായി. സുഹൃത്തുക്കൾ ഇടപെട്ടാണ് രണ്ടുപേരെയും പറഞ്ഞു വിട്ടത്. ഇതിന്റെ തുടർച്ചയായാണ് രാത്രി ജോയൽ, ചമ്പന്നൂരിൽ ഷാജു താമസിക്കുന്ന വാടക വീട്ടിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.  സംസാരിച്ചു നിൽക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായി. തുടർന്ന് ഷാജു കത്തിയെടുത്ത് ജോയലിനെ കുത്തിവീഴ്ത്തി. ഈസമയം സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർ പള്ളിയിൽ പോയിരിക്കുകയായിരുന്നു. അതിനാൽ ഒമ്പതരയോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർ ജോയലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജുവിനെ പൊലീസ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap