വാക്സിൻ വിതരണം എന്ന വെല്ലുവിളി

കൊവിഡ് വാക്സിൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുന്നതിനു വേണ്ട തയാറെടുപ്പുകളിലേക്കു കടക്കാൻ മുഖ്യമന്ത്രിമാരുമായി നടന്ന വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരിക്കുകയാണ്. രോഗം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന നൽകിയാണ് കേന്ദ്ര സർക്കാർ വാക്സിൻ വിതരണം സംബന്ധിച്ച ആശയവിനിമയം നടത്തിയത്. കൊവിഡ് പ്രതിരോധിക്കുന്ന കുത്തിവയ്പ്പിലേക്ക് ഇനി ഏറെ ദൂരമില്ലെന്ന അറിവ് ആശ്വാസം പകരുന്നതാണെങ്കിലും ആവശ്യക്കാർക്കെല്ലാം വാക്സിൻ എത്തിക്കുകയെന്നത് അതീവ ക്ലേശകരമായ സജ്ജീകരണങ്ങൾ ആവശ്യപ്പെടുന്നു.
ഒപ്പം കൊവിഡ് വ്യാപനം പരമാവധി കുറച്ചുകൊണ്ടുവരികയും വേണം. ആരോഗ്യപ്രവർത്തകരുടെയും അധികൃതരുടെയും ശ്രദ്ധ മരുന്നു വിതരണത്തിലേക്കു മാറണമെങ്കിൽ പുതിയ കേസുകൾ കുന്നുകൂടാതിരിക്കണം. ഏറെ ജാഗ്രത വേണ്ട അവസാന ഘട്ടത്തിലേക്ക് രാജ്യവും പ്രവേശിക്കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചും വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചും ഈ ദൗത്യത്തിനു നേതൃത്വം നൽകാനാണ് മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
നിലവിൽ അഞ്ച് വാക്സിനുകൾ അന്തിമഘട്ടത്തിലാണ്. എല്ലാ രാജ്യങ്ങളും വാക്സിനുവേണ്ടി വിവിധ കമ്പനികളുമായും സർക്കാരുകളുമായും ബന്ധപ്പെടുന്നുണ്ടെങ്കിലും അന്തിമ ചിത്രം ഇപ്പോഴും വ്യക്തമല്ല. ഈ അവ്യക്തതയിൽ നിന്ന് വിതരണതന്ത്രം മെനയുകയെന്നത് ഭഗീരഥയത്നം തന്നെ. ചുരുങ്ങിയതു മൂന്നു വാക്സിനെങ്കിലും ജനുവരി അവസാനത്തോടെ തയാറാകുമെന്നാണു കരുതപ്പെടുന്നത്. അവ ഏതു കമ്പനിയുടേതായിരിക്കുമെന്നോ, എത്രത്തോളം മരുന്ന് വിപണിയിൽ ലഭ്യമാകുമെന്നോ, വില എന്തായിരിക്കുമെന്നോ നിശ്ചയമില്ലെങ്കിലും ആ സന്ദർഭത്തിനുവേണ്ടി ഇപ്പോഴേ തയാറെടുക്കേണ്ടതുണ്ട്.
ജില്ലാ, താലൂക്ക് തലങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി അത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി എകോപിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്. വാക്സിൻ വിതരണത്തിൽ പൊതു- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ ഡോസ് നൽകേണ്ടിവരുന്നതിനാൽ ഡേറ്റാ ശേഖരണത്തിലും ട്രാക്കിങ്ങിലുമുള്ള പരിശീലനവും വേണ്ടിവരും.
രാജ്യത്ത് കൊവിഡ് രൂക്ഷമായി നിൽക്കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന നിലയ്ക്കാണ് കേരളത്തെ വാക്സിൻ വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തിയത്. കൊവിഡ് വ്യാപനം തടയുന്നതിൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന മികവ് ഇടക്കാലത്തു നഷ്ടമായെങ്കിലും മികവുറ്റ സംവിധാനങ്ങളുള്ളത് കേരളത്തിന് അനുകൂല ഘടകമാണ്. വാക്സിൻ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാന ശൃംഖലയുണ്ടാക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ചും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കിയുമാണ് കേരളം കൊവിഡിനെ ചെറുത്തത്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുറന്നത് സാധാരണ ആശുപത്രികളിലെ തിരക്കു കുറയ്ക്കുന്നതിനു സഹായകമായി. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍ക്കു പുറമെ 1,426 സ്ഥാപനങ്ങളിലായി 1.24 ലക്ഷം കിടക്കകള്‍ പുതുതായി ഏര്‍പ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ രാജ്യത്തെ ജനസംഖ്യയിൽ മൂന്നിലൊന്നു പേർക്ക് വാക്സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ദേശീയ വിദഗ്ധ സമിതി തയാറാക്കിയിട്ടുള്ളത്. ഡോക്റ്റർമാരും നഴ്സുമാരും ആശാ വർക്കർമാരും അടക്കം രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദ്യം മരുന്നു നൽകുമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. തുടർന്ന് സന്നദ്ധ സേവകരും പൊലീസും സായുധസേനയും അധ്യാപകരും ഡ്രൈവർമാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെട്ട കൊറോണാ പോരാളികൾക്ക്.
പിന്നീട് അമ്പതു വയസിൽ കൂടുതൽ പ്രായമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമായി 27 കോടി പേർക്ക് വാക്സിൻ നൽകുകയെന്നതാണ് ഉദ്ദേശിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടകം, യുപി, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലാണ് കൊവിഡ് പിടിമുറുക്കി നിലകൊള്ളുന്നത്. കൊവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് നടപടിയെടുക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. ഉത്സവകാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എല്ലാവരും തെരുവിലേക്കിറങ്ങിയതിന്റെ പ്രത്യാഘാതമാണ് ഉത്തരേന്ത്യൻ നഗരങ്ങളിൽ രോഗവ്യാപനം വീണ്ടും വർധിക്കാൻ കാരണം. പരിശോധന കാര്യക്ഷമമായി നടത്താത്ത ആറാമത്തെ സംസ്ഥാനമായ കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാതിൽക്കലാണ്. തെരഞ്ഞെടുപ്പു കാലം കൊവിഡ് വ്യാപനത്തിനു കാരണമാവില്ലെന്ന് ഉറപ്പാക്കി കേസുകളുടെ എണ്ണവും മരണനിരക്കും പരമാവധി കുറയ്ക്കുകയെന്നതു വെല്ലുവിളിയാണ്.
രാഷ്ട്രീയമായ കോലാഹലങ്ങൾക്കിടെ പ്രതിപക്ഷ സഹകരണം ഉറപ്പാക്കുകയെന്നതും വിതരണ ശൃംഖലയുടെ കാര്യക്ഷമതയ്ക്ക് അനിവാര്യം. ഏതായാലും കേരളത്തിനു മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണമായി ഈ വാക്സിൻ ടെസ്റ്റ് മാറുകയാണ്. വാക്സിൻ ശേഖരിക്കുന്നതിലും സംഭരിക്കുന്നതിലും മുൻഗണന നിശ്ചയിക്കുന്നതിലും വിതരണം നടത്തുന്നതിലും മികവ് കാണിച്ച് ആക്ഷേപങ്ങൾക്കു മറുപടി നൽകാനാണു കേരളം ശ്രമിക്കേണ്ടത്.