വാഗമണ്ണിലെ നിശാപാർട്ടി; പിന്നിൽ ഒൻപത് പേരെന്ന് പൊലീസ്

വാഗമൺ: വാഗമണ്ണിൽ നിശാപാർട്ടി നടത്തിയ റിസോർട്ട് സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്‍റേതെന്ന് പൊലീസ്. നിശാപാർട്ടിക്ക് പിന്നിൽ ഒൻപത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്കുവച്ചത്. റിസോർട്ടിൽ നേരത്തെയും സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു.

ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ നടന്ന റെയ്ഡിലാണ് എൽഎസ്ഡി, കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയത്.

മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം നടന്ന നിശാപാർട്ടിയെ കുറിച്ച് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

Share via
Copy link
Powered by Social Snap