വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീലവീഡിയോ പ്രദർശനം;യുവാവ് പിടിയിൽ

മലപ്പുറം: ഗ്രാമപഞ്ചായത്തുകളുടെ വെബ് സൈറ്റിൽ നിന്ന് നമ്പറുകൾ ശേഖരിച്ച് വാട്സപ്പ് ഗ്രൂപ്പ് നിർമിച്ച് അശ്ലീല വീഡിയോ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. താനൂർ നിറമരുതൂർ പത്താംപാട് കൊള്ളാടത്തിൽ റിജാസ് (29) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ വനിതാ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ മൊബൈൽ നമ്പറുകളിലേക്ക് അശ്ലീല വീഡിയോ അയക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. അമരമ്പലം പഞ്ചായത്തിലെ വനിതാ അംഗങ്ങളുടെ പരാതിയെ തുടർന്നാണ് നടപടി.

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ വനിതാ അംഗങ്ങളും ഇരകളാണ്. ഇവരിൽ ചിലർ പ്രതിയെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. വനിതകളുടെ പരാതിയിൽ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലനിൽക്കുന്നുണ്ട്. 

താനൂരിലെ വഴിയോര കച്ചവടക്കാരനായ പ്രതി രാജസ്ഥാൻ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്. ഈ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളിക്കാത്തത് പ്രതിയെ പിടികൂടാൻ ബുദ്ധിമുട്ടുണ്ടാക്കി. മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ ഐ എം ഐ എന്നിവ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Share via
Copy link
Powered by Social Snap