വാതിൽ തുറന്ന് ടൂറിസം

ഹൈറേഞ്ചിലെ ധനുമാസക്കുളിരിൽ ക്രിസ്‌മസും- പുതുവത്സരവും ആഘോഷിക്കാൻ സഞ്ചാരികൾ ജില്ലയിലേക്ക്‌ ഒഴുകിയെത്തുകയാണ്‌.  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. അടഞ്ഞു കിടന്നിരുന്ന ഹോട്ടൽ മുറികളെല്ലാം സഞ്ചാരികളെ കൊണ്ട്‌ നിറഞ്ഞു. കോവിഡിനെ തുടർന്ന്‌ പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖല ഏറെ പ്രതീക്ഷയോടെ നോക്കുന്നത്‌ ഈ സീസണിനെയാണ്‌. കഴിഞ്ഞ ഒരു മാസമായി ശനി, ഞായർ ദിവസങ്ങളിൽ വാഗമണ്ണിലുണ്ടായ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും ടൂറിസ്റ്റ് ഗൈഡുകൾക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, ശീതളമായ കാലാവസ്ഥ അനുഭവിക്കാൻ കഴിയുന്ന പൈൻ വാലി, വിദൂര കാഴ്ചകൾ സമ്മാനിക്കുന്ന സൂയിസൈഡ്‌ പോയിന്റ്‌, മതമൈത്രിയുടെ സംഗമഭൂമിയായ മുരുകൻ മലയും തങ്ങൾ പാറയുമെല്ലാം സഞ്ചാരികളാൽ നിറഞ്ഞു. 

കഴിഞ്ഞ രണ്ടു വർഷമായി തമിഴ്നാട്–- ആന്ധ്ര–- കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവും ഗണ്യമായി വർധിച്ചിട്ടുണ്ട്‌. വിനോദസഞ്ചാരമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനങ്ങളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. സുരക്ഷിത വിനോദ സഞ്ചാരം ഒരുക്കുക എന്നതാണ് ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റ്‌ കൗൺസിലും വാഗമൺ ഡെസ്റ്റിനേഷൻ കൗൺസിലും നടത്തിയിട്ടുള്ള പ്രവർത്തനങ്ങളിൽ കാണാനാകുന്നത്.  

Share via
Copy link
Powered by Social Snap