വാളയാർ കേസ്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്: വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനെയെ രൂക്ഷമായി വിമർച്ച് വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജ രംഗത്തു വന്നിരിക്കുന്നത്. 

വാളയാർ കേസിൽ വെറും മൂന്ന് മാസം മാത്രമാണ് താൻ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതെന്നും അഭ്യന്തരവകുപ്പ് ഇടപെട്ടാണ് തന്നെ പെട്ടെന്ന് മാറ്റി ലത ജയരാജിനെ പകരം പ്രോസിക്യൂട്ടറായി നിയമച്ചിതെന്നും ജലജ മാധവൻ ആരോപിക്കുന്നു. പാലക്കാട് ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണ് കേസിൽ പ്രതിക്കായി കോടതിയിൽ ഹാജരായത്. ഈ നടപടി താൻ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. 

തനിക്ക് പകരം പ്രോസിക്യൂട്ടറായി വന്നത് നേരത്തെ സർക്കാരിനെതിരെ കേസ് നടത്തി പ്രോസിക്യൂട്ടർ സ്ഥാനത്തിരിക്കുകയും പിന്നീട് കേസ് തോറ്റപ്പോൾ സർക്കാർ പുറത്താക്കുകയും ചെയ്ത ആളാണ്. തന്നെ മാറ്റി യുഡിഎഫ് സർക്കാർ കാലത്തെ പ്രോസിക്യൂട്ടറെ കേസേൽപിച്ചതിന് പിന്നിലെ കാരണമെന്താണെന്നും ജലജ മാധവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 

വെറുതെ പുകമറ സൃഷ്ടിക്കാതെ കേസിൽ വീഴ്ച വരുത്തിയത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജലജ മാധ്യമങ്ങളെ കാണുന്നുണ്ട്. 

ജലജ മാധവൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

ഞാനെന്തിന് വെറുതേ പഴി കേൾക്കണം??

സിഎമ്മിന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർഅവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള  സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ എൽഡിഎഫ് സർക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച്മാസത്തിൽ 6 പ്രോസിക്യൂട്ടർമാരെ മാറ്റി പുതിയ പ്രോസിക്യൂട്ടേഴ്സ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം

എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും അഭ്യന്തര ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി ഓർഡർ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ, എൽഡിഎഫ് സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും അഭ്യന്തരവകുപ്പിൻ്റെ ഓർഡർ പ്രകാരം

ഇവിടെയാണ്ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ തന്നെ തന്നെ അപ്പോയിൻ്റ് ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്? ചാക്കോയും സോജനും എഫിഷ്യൻ്റായി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സിഎമ്മിന്റെ കണ്ടെത്തൽ?

വാളയാർ കേസിൽ  ശിശുക്ഷേമസമിതി ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്. വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്. മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ

Share via
Copy link
Powered by Social Snap