വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; മലയാളി അറസ്റ്റിൽ

ബെംഗളൂരു: റഷ്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ മലയാളിയായ പ്രദീപ് കുമാർ (48) ബെംഗളൂരുവിൽ അറസ്റ്റിലായി. പാലക്കാട് സ്വദേശികളായ മോഹൻകുമാർ, സതീഷ് എന്നിവരുടെ സഹായത്തോടെയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രദീപ് കുമാർ എന്ന പ്രദീപ് പ്രഭാകറിന്റെ പേരിൽ നേരത്തേ പാലക്കാട് പോലീസും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവിടെനിന്ന് മുങ്ങി ബെംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തിവരുകയായിരുന്നു.രാജാജിനഗറിലെ സീ വേൾഡ് ഏജൻസി വഴിയായിരുന്നു ഉദ്യോഗാർഥികളെ കണ്ടെത്തിയിരുന്നത്. അടുത്തിടെ, റഷ്യയിലേക്ക് എൻജിനിയർമാർ ഉൾപ്പെടെയുള്ളവരെ ആവശ്യമുണ്ടെന്ന് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതറിഞ്ഞ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർക്ക് സംശയം തോന്നി അന്വേഷിച്ചപ്പോൾ വിദേശത്ത് ജോലിതേടുന്നവരെ ലക്ഷ്യമിട്ടുള്ള റാക്കറ്റാണെന്ന് മനസ്സിലായി. ഉദ്യോഗാർഥിയെന്ന വ്യാജേന ഓഫീസിലെത്തിയാണ് സി.സി.ബി. ഉദ്യോഗസ്ഥർ തട്ടിപ്പ് കണ്ടെത്തിയത്.അന്വേഷണസംഘത്തിലെ ഇൻസ്‌പെക്ടർ ഗുരുപ്രസാദ് സീ വേൾഡ് ഓഫീസിലെത്തി ക്രിസ്റ്റഫർ എന്നാണ് പേരെന്നും ബെംഗളൂരു സർവകലാശാലയിൽനിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും പ്രദീപിനോട് പറഞ്ഞു. റഷ്യയിൽ ജോലി വേണമെന്നും ആവശ്യപ്പെട്ടു. ജോലി നൽകാമെന്നുപറഞ്ഞ പ്രദീപ് രണ്ടരലക്ഷം രൂപ ഗുരുപ്രസാദിനോട് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് പരിശോധന നടത്തിയപ്പോൾ അപാകം തോന്നിയ പ്രദീപ് ഓഫീസിൽനിന്ന് മുങ്ങാൻ ശ്രമിച്ചു. ഈസമയം പുറത്തു കാത്തുനിന്ന മറ്റു പോലീസുകാർ പിടികൂടുകയായിരുന്നു.ദുബായിൽ ജോലിക്കായി ആറരലക്ഷം രൂപയും റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടരലക്ഷം രൂപയുമായിരുന്നു ഇയാൾ ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയിരുന്നത്. പ്രദീപിനെ സി.സി.ബി. രാജാജിനഗർ പോലീസിന് കൈമാറി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap