വിവാദം സൃഷ്ടിച്ചുകൊണ്ട് ബ്ലൂ സട്ടൈ മാരൻ്റെ “ആൻ്റി ഇൻഡ്യൻ ” വരുന്നു !

തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന   സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് ചാനലിൽ  ഓരോ സിനിമയുടേയും വിമർശനങ്ങൾക്കുളള കാഴ്ചക്കാർ അതിനേക്കളുപരി. മുഖം നോക്കാതെ, ആരെയും കൂസാതെയുള്ള ഇയാളുടെ വിമർശനങ്ങൾക്കെതിരെ തമിഴ് സിനിമാ ലോകം ഒന്നടങ്കം മാരനെതിരെ പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തിട്ടുണ്ട്. എങ്കിലും മാരൻ തൻ്റെ നയം മാറ്റിയിട്ടില്ല. പല സംവിധായകരോടും വലുപ്പ ചെറുപ്പം നോക്കാതെ, അവരുടെ സിനിമകളുടെ നൂലിഴ കീറി മുറിച്ച് വിമർശിച്ച് ” നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്കും പോകരുതോ ? ” എന്ന് പോലും പറയാൻ മടി കാണിച്ചിട്ടില്ലാത്ത ആളാണ് ബ്ലൂ സട്ടൈ മാരൻ. അതേ സമയം നല്ല സിനിമകളെ പ്രശംസിക്കാർ തെല്ലും മടിക്കാറുമില്ല. ആ മാരനെ ഒരിക്കൽ സിനിമാ ലോകം വെല്ലു വിളിച്ചു . “എങ്കിൽ നീ ഒരു സിനിമ എടുത്ത് കാണിക്ക് ” എന്ന്. ബ്ലൂ സട്ടൈ ആ വെല്ലുവിളി സ്വീകരിച്ചു. അതിൻ്റെ ഫലമായി ജന്മം കൊണ്ട സിനിമിയാണ്  മാരൻ്റെ ” ആൻ്റി ഇൻഡ്യൻ “.

ബ്ലൂ സട്ടൈ മാരൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന, കാലിക രാഷ്ട്രീയത്തെയും സിനിമയേയും ഒരു പോലെ ആക്ഷേപിക്കുന്ന  ” ആൻ്റി ഇൻഡ്യൻ ” തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. സെൻസറിൻ്റെ കടമ്പ കടന്ന് ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പരസ്യം തന്നെ സെൻസേഷനായിരുന്നു. മാരൻ്റെ ചിത്രം വെച്ച് “ആദരാഞ്ജലി” എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റർ തന്നെ പുറത്തു വിട്ടത്. അതു തന്നെ പ്രേക്ഷകരിൽ ആകാംഷ സൃഷ്ടിച്ചു. അതിനു ശേഷം പുറത്തിറക്കിയ ടീസറും, ട്രെയിലറും,പോസ്റ്ററുകളും   ആകാംഷയെ ഇരട്ടിപ്പിച്ചു. കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത – രാഷ്ട്രീയ സംഘടനകൾ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ്  ബ്ലൂ സട്ടൈ മാരൻ ” ആൻ്റി ഇൻഡ്യൻ ” ദൃശ്യവൽക്കരിച്ചിരിക്കു ന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പർ താരം മുതൽ ദേശീയ – പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമർശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. മാരൻ തന്നെയാണു ചിത്രത്തിലെ ബാഷാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധാ രവി, ആടുകളം നരേൻ, സുരേഷ് ചക്രവർത്തി, ‘വഴക്ക് എൺ ‘ മുത്തു രാമൻ എന്നിവരാണ് മറ്റു വിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺ പിക്ചേഴ്‌സിൻ്റെ ബാനറിൽ ആദം ബാവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്- സി. കെ. അജയ് കുമാർ, പി ആർ ഒ

Share via
Copy link
Powered by Social Snap