വിവാഹാഭ്യര്ഥന നിരസിച്ചതിന് പെണ്കുട്ടിയെ തീകൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

തൃശൂര്‍ ചിയ്യാരത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിയും തീവച്ചും കൊന്ന കേസില്‍ പ്രതിയ്ക്കു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷിച്ചത്.

2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ചിയ്യാരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ വീടിന്റെ ശുചിമുറിയിലിട്ടാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ വടക്കേക്കാട് സ്വദേശി നിധീഷായിരുന്നു കേസിലെ പ്രതി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് നീതുവിനെ പ്രതി കുത്തി പരിക്കേല്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കുറ്റം തെളിഞ്ഞതോടെയാണ് പ്രതിക്കെതിരെ കോടതി ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചത്.

90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്. കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ നീതുവിന്റെ ബന്ധുക്കളും എത്തിയിരുന്നു.

കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു പ്രതി നിധീഷ്. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു അമ്മാവന്റെ വീട്ടിലായിരുന്നു താമസം. കൊലയ്ക്കു ശേഷം പ്രതി ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Share via
Copy link
Powered by Social Snap