വിവാഹ ഫ്ളക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ > ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണതിന് പിന്നാലെ വാഹനം ടാങ്കറിലിടിച്ച് യുവതി മരിച്ചു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എൻജിനിയറാണ് മരിച്ച 23കാരിയായ ശുഭശ്രീ.

പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നുവീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിക്കുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. പനീര്‍ശെല്‍വവും പളനിസ്വാമിയും പങ്കെടുക്കാനിരിക്കുന്ന ഒരു വിവാഹത്തിന്‍റെ വിളമ്പര പോസ്റ്റര്‍ ആയിരുന്നു അത്.

ഫ്ലക്സ് ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ സി മഹേശ്വരി പറഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ഫ്ലക്സ് തയ്യാറാക്കി നല്‍കിയ പ്രസ് സീല്‍ ചെയ്തു. യുവതിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ ഡിഎംകെ രംഗത്തെത്തി.

Leave a Reply

Your email address will not be published.