വിവാഹ വാർത്ത വ്യാജം; ദയവായി ഇങ്ങനെ ചെയ്യരുത്, ഞങ്ങളും മനുഷ്യരാണ് : നടി അനുമോൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അനുമോളുടെ വിവാഹവാർത്ത ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. താരം പ്രണയത്തിലാണെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നുമാണ് ഒരു യുവാവിനൊപ്പമുള്ള ചിത്രം സഹിതം പ്രചരിപ്പിക്കുന്നത്. തുടർന്ന് ഇത് വ്യാജമാണെന്നു വ്യക്തമാക്കി അനുമോൾ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. പലപ്പോഴായി ഇത്തരം വ്യാജപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

 

‘‘ചില ഓണ്‍ലൈൻ മീഡിയകളിൽ എന്റെ വിവാഹവാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്റെ കാമുകൻ എന്ന പേരിൽ സുഹൃത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. എന്റെ വിവാഹം തീരുമാനിച്ചിട്ടില്ല. ഞാൻ ആരുമായും പ്രണയത്തിലല്ല. തിരക്കുകൾക്കിടയിൽ പ്രണയിക്കാനുള്ള സമയവുമില്ല.‌ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരായി എന്നൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. സാധാരണഗതിയിൽ ഇത്തരം പ്രചാരണങ്ങളെ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാൽ എന്റെ സുഹൃത്തിന് ഇതു ബുദ്ധിമുട്ടായതോടെയാണ് ഞാൻ സമൂഹമാധ്യമത്തിലൂടെ ലൈവ് വന്നത്. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണ്. ഇതിനിടിയലാണ് എന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരാണ് എന്ന നിലയിൽ പ്രചാരണം ഉണ്ടാകുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു സാധാരണ ചിത്രമാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നോർക്കണം.

വിഡിയോ ആളുകൾ കാണാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ് ചിലർ ഇതൊക്കെ ചെയ്യുന്നതെന്നറിയാം. പക്ഷേ അതിന് മറ്റുള്ളവരുടെ ജീവിതംവെച്ചല്ല കളിക്കേണ്ടത്. മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഒരു ചിത്രമെടുത്ത് അതിൽ സിന്ദൂരം  വരച്ചുചേർത്ത് ഞാൻ വിവാഹിതയായി എന്നു പ്രചരിപ്പിച്ചു. ആ വിഡിയോയ്ക്ക് 10 ലക്ഷം കാഴ്ച്ചക്കാരെ കിട്ടി. അതു വ്യാജമാണെന്നു ഞാൻ വിഡിയോയ്ക്ക് താഴെ കമന്റിട്ടിരുന്നു. എന്നാൽ ഇതുവരെ വിഡിയോ നീക്കം ചെയ്യാൻ അവർ തയാറായിട്ടില്ല. എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യമാക്കില്ലായിരുന്നു. എന്നാൽ എന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊക്കെ മാനസിക പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിയത്. ഒന്നിച്ച് ഫോട്ടോ എടുക്കുന്നത് തെറ്റാണോ ? അങ്ങനെ ഫോട്ടോ എടുത്താൽ അത് എന്റെ കാമുകനാണെന്നു പറയുന്നത് എങ്ങനെയാണ് ? ദയവു ചെയ്ത് ഇങ്ങനെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം. ഇതൊക്കെ ചെയ്യുന്നവർ ഞങ്ങളും മനുഷ്യരാണെന്നു മനസ്സിലാക്കണം. ഒരു നടിയായതുകൊണ്ട് എന്നെക്കുറിച്ച് എന്തും പ്രചരിപ്പിക്കാമെന്നു കരുതരുത്.

Share via
Copy link
Powered by Social Snap