വി.എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗം സിപിഎം സ്ഥാനാർഥിക്കെതിരെ മത്സരരംഗത്ത്

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗം തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ മത്സരിക്കും. വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ലതീഷ് പത്രിക നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാർഥി.
കണ്ണാർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റ് നാലുപേരെയും അടുത്തിടെ കോടതി വെറുതെ വിട്ടിരുന്നു. ഈ സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷിച്ചത് ജയലാലാണ്. 2006 ൽ വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ പ്രതിഷേധ പ്രകടനം നടത്തുകയും, പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തതിനെ തുടർന്ന് ലതീഷിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം കത്തിച്ച കേസുണ്ടായത്.