വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊച്ചി > ഫെയ്‌‌സ്‌ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ടവർക്കുനേരെ തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവും സിപിഐ എം പ്രവർത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്‌ത്രീവിരുദ്ധവുമായ മറുപടി സതീശൻ പറഞ്ഞത്.

സതീശനെതിരെ നേരത്തേ വനിതാ കമീഷനും കേസെടുത്തിരുന്നു. കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌‌തെന്നുമാണ് സതീശന്റെ മറുപടി. തെറിപറയുന്ന കമന്റിന്റെ സ്‌‌ക്രീൻഷോട്ടും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാലിത് സിപിഐ എം പ്രവർത്തകർ വ്യാജമായി തയ്യാറാക്കിയതാണെന്നായിരുന്നു വാദം. പല ഫോണുകളിൽനിന്ന് പലസമയങ്ങളിൽ എടുത്ത സ്‌‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ അതും പൊളിഞ്ഞു. വി ഡി സതീശൻ നിശ്ചയിക്കുന്ന സമയത്ത് സൈബർ വിദഗ്‌ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിവരങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന ഡിവൈഎഫ്ഐയുടെ  ചോദ്യത്തിന് സതീശൻ മറുപടി പറഞ്ഞില്ല.

മുമ്പും ഇതുപോലെ പല അക്കൗണ്ടുകളിൽനിന്ന് സതീശനെ എതിർക്കുന്നവർക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. എന്നാൽ കമന്റുകളുടെ ഉടമകളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല. മുമ്പ് മന്ത്രി ജെ മേ‌ഴ്‌സിക്കുട്ടിഅമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവുരീതിയാണെന്നും ആരോപണമുണ്ട്